ചെന്നൈ: ഐപിഎല്‍ പതിനാറാം പതിപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യ മത്സരം തോറ്റുതുടങ്ങിയ അവര്‍ പിന്നീട് ടൂര്‍ണമെന്‍റിലേക്ക് വമ്പന്‍ തിരിച്ചുവരവ് തന്നെ നടത്തി. ആറ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അതില്‍ നാലിലും ജയം നേടി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനം പിടിക്കാനും അവര്‍ക്കായി.
നിലവില്‍ പുരോഗമിക്കുന്ന ഐപിഎല്‍, ചെന്നൈ നായകന്‍ എംഎസ് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കുമെന്നാണ് പലരുടെയും വിലയിരുത്തല്‍. 2019ല്‍ അന്താരഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിച്ചിരുന്നു. എന്നാല്‍, ഐപിഎല്ലില്‍ സജീവമായി തുടരുന്ന 41കാരന്‍ തന്‍റെ വിരമിക്കലിനെ ചുറ്റിപ്പറ്റിയുളള ചര്‍ച്ചകള്‍ നടക്കുമ്പോഴും റെക്കോഡുകള്‍ വാരിക്കൂട്ടുകയാണ്.
ഇന്നലെ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനം പുറത്തെടുക്കാന്‍ എംഎസ് ധോണിക്കായി. ഒരു ക്യാച്ച്, സ്റ്റമ്പിങ്, റണ്‍ഔട്ട് എന്നിവയിലൂടെ ഹൈദരാബാദിന്‍റെ മൂന്ന് പേരെയാണ് ധോണി ഇന്നലെ പുറത്താക്കിയത്. ഈ മിന്നും പ്രകടനത്തോടെ ഐപിഎല്ലില്‍ ഒരു ചരിത്രനേട്ടം സ്വന്തമാക്കാനും ആരാധകരുടെ 'തല' ധോണിക്ക് സാധിച്ചു.
ഐപിഎല്‍ ക്രിക്കറ്റില്‍ 200 പുറത്താക്കലുകള്‍ സ്വന്തമാക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് ധോണി തന്‍റെ പേരിലാക്കിയത്. ഐപിഎല്‍ കരിയറിലെ 240-ാം മത്സരത്തിലാണ് ധോണി ഈ നേട്ടത്തിലെത്തിയത്. കരിയറില്‍ ഇതുവരെ 137 ക്യാച്ചും 40 സ്റ്റമ്പിങ്ങും 23 റണ്‍ഔട്ടുമാണ് വിക്കറ്റിന് പിന്നില്‍ നിന്നും ചെന്നൈ നായകന്‍ നേടിയിട്ടുള്ളത്.
ഹൈദരാബാദിനെതിരായ മത്സരത്തില്‍ എയ്‌ഡന്‍ മാര്‍ക്രമിന്‍റെ ക്യാച്ച് ഗ്ലൗവില്‍ ഒതുക്കിയ ധോണി മായങ്ക് അഗര്‍വാളിനെ മിന്നല്‍ സ്റ്റമ്പിങ്ങിലൂടെ തിരികെ മടക്കുകയായിരുന്നു. വാഷിങ്‌ടണ്‍ സുന്ദര്‍ ആയിരുന്നു മത്സരത്തില്‍ ധോണിയുടെ മറ്റൊരു ഇര. അവസാന പന്തില്‍ സുന്ദറിനെ റണ്‍ഔട്ട് ആക്കാനും ചെന്നൈ നായകന് സാധിച്ചു.
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ സ്വന്തമാക്കുന്ന താരമായും എംഎസ് ധോണി മാറി. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്‍റണ്‍ ഡി കോക്കിനെ മറികടന്നാണ് ഈ പട്ടികയില്‍ ധോണി ഒന്നാമതെത്തിയത്. ഹൈദരാബാദ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രമിനെ പുറത്താക്കിയ ക്യാച്ചാണ് എംഎസ്‌സിയെ മുന്നിലെത്തിച്ചത്.
ടി20 ക്രിക്കറ്റില്‍ ധോണി കൈപ്പിടിയിലൊതുക്കുന്ന 208-ാം ക്യാച്ചായിരുന്നു അത്. ക്വിന്‍റണ്‍ ഡി കോക്കിന്‍റെ പേരില്‍ 207 ക്യാച്ചുകളാണ് ഉണ്ടായിരുന്നത്. 205 ക്യാച്ച് സ്വന്തമാക്കിയിട്ടുള്ള ദിനേശ് കാര്‍ത്തിക്കാണ് പട്ടികയിലെ മൂന്നാമന്‍.
നായകന്‍ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ജയമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ ആതിഥേയരായ ചെന്നൈ മറികടക്കുകയായിരുന്നു. സൂപ്പര്‍ കിങ്‌സിനായി രവീന്ദ്ര ജഡേജ പന്ത് കൊണ്ടും ഡെവോണ്‍ കോണ്‍വെ ബാറ്റ് കൊണ്ടും തിളങ്ങി.
Also Read: IPL 2023 |'ചെന്നൈ ഒരുപാട് സ്നേഹം നല്‍കി': 'തല' കളം വിടുന്നോ?, ഹൈദരാബാദിനെതിരായ ജയത്തിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി എംഎസ് ധോണി