അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പിലെ ഉദ്ഘാടന മത്സരം, കളിക്കളത്തിലേക്ക് ഇതിഹാസ താരം എംഎസ് ധോണിയുടെ തിരിച്ചുവരവിന് കൂടിയാണ് ഇന്നലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പത്ത് മാസത്തെ ഇടവേളയ്‌ക്ക് ശേഷമായിരുന്നു എംഎസ് ധോണി ക്രിക്കറ്റ് മൈതാനത്ത് തിരികെയെത്തിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ആയിരുന്നു ധോണി അവസാനം കളിച്ചത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ എട്ടാമനായാണ് ചെന്നൈ നായകന്‍ ക്രീസിലെത്തിയത്. റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ് കണ്ട മത്സരത്തില്‍ ധോണി ചെന്നൈക്കായി 7 പന്ത് നേരിട്ട ധോണി 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. മത്സരത്തില്‍ ഒരു സിക്‌സും ഒപ്പം ഒരു ഫോറും പായിക്കാന്‍ ധോണിക്ക് കഴിഞ്ഞിരുന്നു.
ഈ മത്സരത്തില്‍ ധോണി നേടിയ കൂറ്റന്‍ സിക്‌സര്‍ ചെന്ന് പതിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെയും ഐപിഎല്ലിന്‍റെയും റെക്കോഡ് ബുക്കിലേക്കാണ്. ഈ സിക്‌സോട് കൂടി ചെന്നൈക്ക് വേണ്ടി ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനായി 200 സിക്‌സുകള്‍ നേടുന്ന അഞ്ചാമത്തെ താരമായി മാറാനും ധോണിക്ക് സാധിച്ചു.
ഗുജറാത്തിനെതിരായ മത്സരത്തില്‍ ജോഷുവ ലിറ്റില്‍ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്ത് അതിര്‍ത്തി കടത്തിയാണ് ധോണി ഈ നേട്ടത്തിലേക്ക് എത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ 20-ാം ഓവറില്‍ മാത്രം ധോണി അതിര്‍ത്തി കടത്തിയ 53-ാം സിക്‌സര്‍ കൂടിയായിരുന്നു ഇത്.