അഹമ്മദാബാദ്:മഴ തടസപ്പെടുത്തിയ ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടം ഇന്ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രാത്രി ഏഴരയ്‌ക്കാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. മേഘാവൃതമായിരിക്കുമെങ്കിലും ഇന്ന് മഴയ്‌ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം.
ഫൈനല്‍ ദിനമായി നിശ്ചയിച്ചിരുന്ന ഇന്നലെ (മെയ് 28) അഹമ്മദാബാദില്‍ ടോസ് ഇടാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇടയ്‌ക്ക് മഴ ചെറുതായി ശമിക്കുകയും താരങ്ങള്‍ പരിശീലനത്തിന് ഉള്‍പ്പടെ ഇറങ്ങുകയും ചെയ്‌തതാണ്. എന്നാല്‍, വീണ്ടും മഴ കനത്തതോടെ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ചെന്നൈ നായകന്‍ എംഎസ് ധോണി അഞ്ചാം ഐപിഎല്‍ കിരീടം ഉയര്‍ത്തുന്നത് കാണാനായി നിരവധി ആരാധകരാണ് ഇന്നലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് എത്തിയത്. എന്നാല്‍ മഴ രസംകൊല്ലിയായി പെയ്‌തിറങ്ങിയതോടെ ഇവര്‍ക്ക് നിരാശരായാണ് അവിടെ നിന്നും മടങ്ങേണ്ടിവന്നത്. റിസര്‍വ് ഡേയില്‍ ഗുജറാത്തും ചെന്നൈയും തമ്മിലേറ്റുമുട്ടുമ്പോള്‍ ഒരു തകര്‍പ്പന്‍ മത്സരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍, മറ്റൊരു റിസര്‍വ് ദിനത്തിലെ പോരാട്ടത്തിനായി ചെന്നൈ നായകന്‍ എംഎസ് ധോണി ഇറങ്ങുമ്പോള്‍ പഴയ ചില ഓര്‍മ്മകളും ആരാധകരെ ഭയപ്പെടുത്തുന്നുണ്ട്.
Also Read :IPL 2023 | ഇന്നലെ 'മഴ' കളിച്ചു, 'ഇന്ന് കളിക്കാന്‍' ചെന്നൈയും ഗുജറാത്തും; കലാശപ്പോര് കാത്ത് ആരാധകര്‍, അഹമ്മദാബാദിലെ കാലാവസ്ഥ പ്രവചനം
2019 ഏകദിന ലോകകപ്പിലെ ഇന്ത്യ - ന്യൂസിലന്‍ഡ് സെമി ഫൈനല്‍ പോരാട്ടം. മുന്‍പ് നിശ്ചയിച്ച ദിവസം ഈ മത്സരം മഴ തടസപ്പെടുത്തി. ഇതോടെ റിസര്‍വ് ഡേയിലേക്ക് പോരാട്ടം നീണ്ടു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 239 റണ്‍സായിരുന്നു നിശ്ചിത ഓവറില്‍ നേടിയത്. മറുപടി ബാറ്റിങ്ങില്‍ തുടക്കം മുതല്‍ തന്നെ കിവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം അന്ന് പിടിച്ചുനിന്ന എംഎസ് ധോണിയിലായിരുന്നു ഒടുവിലത്തെ ഇന്ത്യയുടെ പ്രതീക്ഷകള്‍.
എന്നാല്‍ 49-ാം ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്‌ടിലിന്‍റെ ത്രോയില്‍ ധോണി റണ്‍ഔട്ട് ആയതോടെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങളും അവസാനിച്ചു. ഈ മത്സരത്തില്‍ 18 റണ്‍സിന്‍റെ തോല്‍വിയോടെ ഇന്ത്യക്ക് തിരികെ നാട്ടിലേക്കും മടങ്ങേണ്ടി വന്നു. ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണിയുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ഈ സാഹചര്യത്തില്‍, റിസര്‍വ് ഡേയിലേക്ക് മാറ്റിയ ഫൈനല്‍ മത്സരം ധോണിയുടെ അവസാന ഐപിഎല്‍ മത്സരം ആകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
എന്നാല്‍, ഐപിഎല്‍ ഒന്നാം ക്വാളിഫയറിന് ശേഷം കരിയറിനെ കുറിച്ചുള്ള ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യത്തിന് ഇക്കാര്യത്തില്‍ തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നായിരുന്നു ധോണിയുടെ മറുപടി. ചെപ്പോക്കിലേക്ക് ഇനി കളിക്കാനെത്തുമോ എന്നായിരുന്നു ഹര്‍ഷ ഭോഗ്ലയുടെ ചോദ്യം.
'എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഇനിയും 8-9 മാസം ശേഷിക്കുന്നുണ്ട്. ഡിസംബറിലാണ് മിനി താരലേലം. അതുകൊണ്ട് തന്നെ ഇപ്പോഴെ അതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. കളിക്കളത്തിനകത്തായാലും പുറത്തായാലും ഞാന്‍ ചെന്നൈക്കൊപ്പം എപ്പോഴും ഉണ്ടാകും' ധോണി പറഞ്ഞു.
Also Read :ചെന്നൈ കുപ്പായത്തിൽ ഉണ്ടാകുമോ? ഒടുവിൽ ആ ചോദ്യത്തിന് ധോണിയുടെ ഉത്തരമെത്തി