അഹമ്മദാബാദ്:'ഒരുപക്ഷേ ഇതായിരിക്കാം എന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ ഏറ്റവും ഉചിതമായ സമയം. ആ തീരുമാനത്തിലേക്ക് എത്തുക എന്നത് എളുപ്പമാണ്, എന്നാല്‍ ഒന്‍പത് മാസം കഠിനാധ്വാനം ചെയ്‌ത് മറ്റൊരു ഐപിഎല്‍ കൂടി കളിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്' - ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ തുടക്കം മുതല്‍ പല രൂപത്തിലായിരുന്നു തന്‍റെ ക്രിക്കറ്റ് ജീവിതത്തിന്‍റെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ എംഎസ് ധോണിയിലേക്കെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ചാം കിരീടനേട്ടത്തിലെത്തിച്ച ശേഷം ആ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും പറഞ്ഞാണ് ആരാധകരുടെ തല ധോണി അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം വിട്ടത്.
ഇനി ആരാധകരുടെ കാത്തിരിപ്പാണ്. അടുത്ത വര്‍ഷം വീണ്ടും ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ആ ഏഴാം നമ്പറുകാരനെ വീണ്ടും കാണാന്‍. അന്നും ഈ വര്‍ഷം കണ്ടപോലെ ധോണിയും ചെന്നൈയും കളിക്കാനെത്തുന്ന ഇടങ്ങളിലെല്ലാം മഞ്ഞക്കടലിരമ്പം തീര്‍ക്കാന്‍ 'തല'യുടെ പ്രിയപ്പെട്ട ആരാധകരും ഒഴുകിയെത്തും.
ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ തുടക്കം മുതല്‍ തന്നെ ഈ സീസണിന്‍റെ അവസാനത്തോടുകൂടി എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മഞ്ഞ ജഴ്‌സിയഴിക്കും എന്ന അഭ്യൂഹങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. പല മുന്‍ താരങ്ങളും ധോണി ഈ സീസണോടെ കളിയവസാനിപ്പിക്കുമെന്ന് വിധിയെഴുതി. പലരും ചെന്നൈ നായകന്‍ കളിക്കളത്തില്‍ തുടരണമെന്ന അഭിപ്രായവുമായും രംഗത്തെത്തി.
ഒടുവില്‍, അഭ്യൂഹങ്ങള്‍ക്കെല്ലാം തിരശ്ശീല വീഴുമ്പോള്‍ 2024ലെ ഐപിഎല്‍ പതിപ്പില്‍ ചെന്നൈക്കൊപ്പം തന്നെ താന്‍ ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് ആ 'റാഞ്ചി'ക്കാരനായ ചെന്നൈ നായകന്‍ നടന്നകന്നത്. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരെ തകര്‍ത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പ്രതിനിധീകരിച്ച് സംസാരിക്കാനെത്തിയപ്പോഴായിരുന്നു എംഎസ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പും സമാന ചോദ്യം ധോണിയോട് ഉന്നയിച്ചിട്ടുള്ള ഹര്‍ഷ ഭോഗ്‌ലെയായിരുന്നു ഇക്കുറിയും മറുവശത്ത്.
'എന്‍റെ ഉത്തരമല്ലേ ആവശ്യം..? എനിക്ക് വിരമിക്കല്‍ തീരുമാനമെടുക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇതാണ്. എന്നാല്‍, എല്ലായിടത്ത് നിന്നും എനിക്ക് ലഭിച്ച സ്നേഹത്തിന്‍റെ അളവ്, ഇവിടെ നിന്നും ഒഴിഞ്ഞുമാറുക എന്നത് എളുപ്പമാണ്, എന്നാല്‍ ഒന്‍പത് മാസം കഠിനാധ്വാനം ചെയ്‌ത് മറ്റൊരു ഐപിഎല്‍ കൂടി കളിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്‍റെ ശരീരത്തിന് ചിലപ്പോള്‍ അത് എളുപ്പമായിരിക്കില്ല. എന്നാല്‍, ഇത് എന്നില്‍ നിന്നും അവര്‍ക്കുള്ള ഒരു സമ്മാനമായിരിക്കും' - ധോണി പറഞ്ഞു.