കേരളം

kerala

ETV Bharat / sports

IPL 2023 | 'സ്വന്തം ശക്തി മനസിലാക്കി ആസ്വദിച്ച് കളിക്കണം' ; സീസണിന് മുന്‍പ് രഹാനെയുമായി നടത്തിയ സംഭാഷണം വെളിപ്പെടുത്തി എംഎസ് ധോണി - ഐപിഎല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും അജിങ്ക്യ രഹാനെയ്‌ക്ക് അവസരം ലഭിച്ചിരുന്നില്ല. മുംബൈ ഇന്ത്യന്‍സിനെതിരെ കളത്തിലിറങ്ങിയ പോരാട്ടത്തില്‍ താരം 27 പന്തില്‍ 61 റണ്‍സാണ് അടിച്ചുകൂട്ടിയത്

ms dhoni  ajinkya rahane  ms dhoni about conversation with ajinkya rahane  ipl  ipl 2023  CSKvMI  AJinkya Rahane Fifty Against Mumbai indians  എംഎസ് ധോണി  അജിങ്ക്യ രഹാനെ  ചെന്നൈ സൂപ്പര്‍ കിങ്‌സ്  രഹാനെ ധോണി സംഭാഷണം  ഐപിഎല്‍  ഐപിഎല്‍ 2023
MS DHONI and AJINKYA RAHANE

By

Published : Apr 9, 2023, 2:01 PM IST

മുംബൈ : അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തിലാണ് മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണില്‍ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയത്. മത്സരത്തിലൂടെ ഈ സീസണിലെ അതിവേഗ അര്‍ധ സെഞ്ച്വറി നേടിയ രഹാനെ 27 പന്ത് നേരിട്ട് 61 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും സൈഡ് ബെഞ്ചില്‍ ഇരുന്ന താരം തന്‍റെ അരങ്ങേറ്റ മത്സരത്തിലായിരുന്നു ഫ്രാഞ്ചൈസിക്കായി ഇത്തരത്തിലൊരു തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ചത്.

മുംബൈക്കെതിരായ മത്സരത്തില്‍ അവസാന ഘട്ടത്തിലാണ് രഹാനെ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈയുടെ വിശ്വസ്തനായ ഓള്‍റൗണ്ടര്‍ മൊയീന്‍ അലിക്ക് പകരക്കാരനായി ടീമിലേക്ക് എത്തിയ രഹാനെ ഇന്നിങ്സിന്‍റെ തുടക്കം മുതല്‍ മുംബൈ ബോളര്‍മാരെ കടന്നാക്രമിച്ചു. നേരിട്ട 19-ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.

ടോസിന് മുന്‍പാണ് താന്‍ ഇന്ന് കളിക്കും എന്നതിനെ കുറിച്ച് അറിഞ്ഞതെന്ന് മത്സരത്തിന് പിന്നാലെ അജിങ്ക്യ രഹാനെ വ്യക്തമാക്കിയിരുന്നു. നായകന്‍ ധോണിയും പരിശീലകന്‍ ഫ്ലെമിങ്ങും താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കാറുണ്ടെന്നും രഹാനെ പറഞ്ഞിരുന്നു. കൂടാതെ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് താന്‍ ക്യാപ്‌റ്റന്‍ എംഎസ് ധോണിയുമായി സംസാരിച്ചിരുന്നുവെന്നും വെറ്ററന്‍ ബാറ്റര്‍ അഭിപ്രായപ്പെട്ടിരുന്നു.

Also Read:IPL 2023 | 'കളിക്കുമെന്ന് അറിഞ്ഞത് ടോസിന് തൊട്ടുമുന്‍പ്' ; മുംബൈക്കെതിരായ പോരാട്ടത്തില്‍ അവസരം ലഭിച്ചതിനെക്കുറിച്ച് അജിങ്ക്യ രഹാനെ

ഇതിന് പിന്നാലെയാണ് തങ്ങളുടെ സംഭാഷണം എന്തായിരുന്നുവെന്ന് വ്യക്തമാക്കി ചെന്നൈ നായകന്‍ തന്നെ രംഗത്തെത്തിയത്. 'സീസണിന്‍റെ തുടക്കത്തില്‍ ചെന്നൈയ്ക്കാ‌യി പ്രാക്‌ടീസ് ആരംഭിച്ച സമയത്ത് ഞാനും ജിങ്ക്‌സും (രഹാനെ) തമ്മില്‍ സംസാരിച്ചിരുന്നു. നിങ്ങള്‍ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വളരെ ലളിതമായാണ് അവന്‍ എന്നോട് ചോദിച്ചത്.

ഞാന്‍ എന്ത് പ്രതീക്ഷിച്ചാലും, നീ നിന്‍റെ ശക്തി എന്താണെന്ന് മനസിലാക്കി വേണം കളിക്കേണ്ടതെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. നിങ്ങള്‍ തുടര്‍ച്ചയായി സിക്‌സറുകള്‍ നേടുന്ന ഒരാളായിരിക്കില്ല. ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ റണ്‍സ് നേടാനും, ബൗളര്‍മാരുടെ വേഗത ഉപയോഗിക്കാനും മികവുള്ളൊരാള്‍ കൂടിയാണ് രഹാനെ' - പോസ്റ്റ് മാച്ച് പ്രസന്‍റേഷനിടെ എംഎസ് ധോണി പറഞ്ഞു.

'അവസരം വരുമ്പോള്‍ ഞങ്ങളുടെ പിന്തുണ നിങ്ങള്‍ക്കൊപ്പമുണ്ടാകും. അമിത സമ്മര്‍ദം ഇല്ലാതെ ആസ്വദിച്ച് കളിക്കാനാണ് ഞാന്‍ അവനോട് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്‍റെ പ്രകടനത്തില്‍ ഞാന്‍ സന്തോഷവാനാണ്.

More Read:IPL 2023 | മിന്നല്‍ അര്‍ധ സെഞ്ചുറിയുമായി രഹാനെ ; മുംബൈയെ തകര്‍ത്ത് ചെന്നൈ

പുറത്തായ രീതിയില്‍ അവന്‍ നിരാശനായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഇനിയും കുറച്ചുകൂടി തന്നെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഒരു താരം പറയുന്നത് നല്ല സൂചനയാണ്' - ധോണി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മുംബൈ ചെന്നൈ പോരാട്ടത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 157 റണ്‍സ് നേടിയത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയും, രണ്ട് വിക്കറ്റ് വീതം നേടിയ മിച്ചല്‍ സാന്‍റ്‌നര്‍, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവരും ചേര്‍ന്നാണ് മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞൊതുക്കിയത്.

ABOUT THE AUTHOR

...view details