ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പിലെ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം നാല് പന്തും എട്ട് വിക്കറ്റും ശേഷിക്കെയായിരുന്നു ആര്‍സിബി മറികടന്നത്. ജയത്തോടെ പ്ലേഓഫ് സാധ്യതകളും ടീം സജീവമാക്കിയിട്ടുണ്ട്.
ഹൈദരാബാദിനെതിരായ ജീവന്‍മരണപ്പോരാട്ടത്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ആര്‍സിബിക്ക് അനായാസ ജയമൊരുക്കിയത്. ഇന്നിങ്‌സിന്‍റെ തുടക്കം മുതല്‍ തകര്‍ത്തടിച്ച കോലി 63 പന്തില്‍ 100 റണ്‍സ് നേടി ടീമിനെ ജയത്തിനരികിലെത്തിച്ചാണ് മടങ്ങിയത്. ഹൈദരാബാദിനെതിരായ വെടിക്കെട്ട് പ്രകടനത്തോടെ ഐപിഎല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടത്തിനൊപ്പം എത്താനും വിരാട് കോലിക്കായി.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ താരം ക്രിസ് ഗെയിലാണ് പട്ടികയില്‍ വിരാട് കോലിക്കൊപ്പം ഒന്നാം സ്ഥാനത്തുള്ള മറ്റൊരാള്‍. ഇരുവരും ആറ് സെഞ്ച്വറികളാണ് ഐപിഎല്ലില്‍ നേടിയിട്ടുള്ളത്. ജോസ് ബട്‌ലര്‍ ആണ് പട്ടികയില്‍ കോലിക്കും ഗെയിലിനും പിന്നില്‍.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ ഉള്ള ഇന്ത്യന്‍ താരവും വിരാട് കോലിയാണ്. കെഎല്‍ രാഹുലാണ് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലെ രണ്ടാമന്‍. നാല് സെഞ്ച്വറികളാണ് രാഹുല്‍ ഇതുവരെ നേടിയിട്ടുള്ളത്.
2016- ലായിരുന്നു വിരാട് കോലി ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറി നേടിയത്. ഏപ്രില്‍ 24ന് രാജ്‌കോട്ടില്‍ ഗുജറാത്ത് ലയണ്‍സിനെതിരെയായിരുന്നു കന്നി സെഞ്ച്വറി (63 പന്തില്‍ 100). പിന്നാലെ റൈസിങ് പൂനെ സൂപ്പര്‍ ജയന്‍റ്‌സിനെതിരെയും വിരാട് സെഞ്ച്വറി അടിച്ചു കൂട്ടി.
അന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 58 പന്തില്‍ 108 ആയിരുന്നു താരത്തിന്‍റെ സമ്പാദ്യം. മൂന്നാം സെഞ്ച്വറിയും ഗുജറാത്ത് ലയണ്‍സിനെതിരെയാണ് വിരാട് നേടിയത്. ആ ഐപിഎല്‍ സീസണില്‍ പഞ്ചാബിനെതിരെ നാലാം സെഞ്ച്വറിയും കോലി അടിച്ചു.
50 പന്തില്‍ 113 ആയിരുന്നു അന്ന് ആര്‍സിബിയുടെ നായകനായിരുന്ന കോലി സ്വന്തമാക്കിയത്. താരത്തിന്‍റെ ഐപിഎല്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതാണ്. 2016ല്‍ നാല് സെഞ്ച്വറിയടിച്ച കോലി 2019ല്‍ ആയിരുന്നു ഐപിഎല്‍ കരിയറിലെ 5-ാം ശതകം പൂര്‍ത്തിയാക്കിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു കോലിയുടെ ഈ നേട്ടം.
അതേസമയം, ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് 172 റണ്‍സാണ് ആര്‍സിബിക്കായി അടിച്ചെടുത്തത്. കോലിക്ക് മികച്ച പിന്തുണ നല്‍കിയ ഫാഫ് 47 പന്തില്‍ 71 റണ്‍സ് നേടി. കോലി പുറത്തായതിന് പിന്നാലെ തന്നെ ഫാഫും മടങ്ങിയെങ്കിലും പിന്നാലെയെത്തിയ മാക്‌സ്‌വെല്ലും മൈക്കില്‍ ബ്രേസ്‌വെല്ലും ചേര്‍ന്ന് സന്ദര്‍ശകരെ ജയത്തിലെത്തിക്കുകയായിരുന്നു. നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് ഹെൻറിച്ച് ക്ലാസന്‍റെ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു 186 എന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
More Read :IPL 2023: സംഹാര താണ്ഡവമാടി 'കിങ് കോലി', അടിച്ചൊതുക്കി ഡുപ്ലസിസ്; സണ്‍റൈസേഴ്‌സിനെ ചാരമാക്കി ബാംഗ്ലൂരിന്‍റെ തേരോട്ടം