ബെംഗളൂരു:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച ബാറ്റര്‍ താനാണെന്ന് അരക്കെട്ടുറപ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഈ സീസണില്‍ കളിയവസാനിപ്പിക്കുന്നത്. ലീഗ് ചരിത്രത്തില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായ വിരാട് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ ശതകത്തോടെ സെഞ്ച്വറിപ്പട്ടികയിലും മുന്നിലേക്കെത്തി. ഐപിഎല്‍ കരിയറില്‍ വിരാട് കോലിയുടെ ഏഴാം സെഞ്ച്വറിയായിരുന്നു ഇത്.
ടി20യിലെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയിലിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോലി മറികടന്നത്. ഈ സീസണില്‍ തുടര്‍ച്ചയായ രണ്ടാം തവണയായിരുന്നു കോലി തന്‍റെ വ്യക്തിഗത സ്‌കോര്‍ മൂന്നക്കം കടത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു സീസണിലെ ആദ്യ സെഞ്ച്വറി.
രാജീവ് ഗാന്ധി ഇന്‍റര്‍നാഷ്‌ണല്‍ സ്റ്റേഡിയത്തില്‍ നടന്ന ആ മത്സരത്തില്‍ 62 പന്തില്‍ 100 റണ്‍സായിരുന്നു കോലി നേടിയത്. അന്ന് അധികം സമ്മര്‍ദങ്ങളൊന്നുമില്ലാതെയായിരുന്നു കോലി സെഞ്ച്വറിയടിച്ചത്. എന്നാല്‍, ഇന്നലത്തെ കാര്യങ്ങള്‍ ഏറെ വ്യത്യസ്‌തമായിരുന്നു. പ്ലേഓഫില്‍ ഇടം പിടിക്കാന്‍ ആര്‍സിബിക്ക് ജയം അനിവാര്യമായ മത്സരമായിരുന്നു ചിന്നസ്വാമിയില്‍ നടന്നത്.
മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌തത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മുഹമ്മദ് ഷമിയെ ബൗണ്ടറി പായിച്ചാണ് വിരാട് കോലി അക്കൗണ്ട് തുറന്നത്.പിന്നാലെ പന്തെറിയാനെത്തിയ യാഷ് ദയാലിനെ ആദ്യം ശ്രദ്ധയോടെ നേരിട്ടു. നാലാം ഓവര്‍ എറിയാന്‍ ദയാല്‍ വീണ്ടുമെത്തിയപ്പോള്‍ ഗുജറാത്ത് ഇടം കയ്യന്‍ ബാറ്ററെ കോലി കടന്നാക്രമിച്ചു. തുടര്‍ച്ചയായി മൂന്ന് ഫോറാണ് ചിന്നസ്വാമിയിലെ ബൗണ്ടറി കടന്നത്.
ആദ്യ ആറോവറില്‍ ആര്‍സിബി സ്‌കോര്‍ബോര്‍ഡില്‍ 62 റണ്‍സ് എത്തിയപ്പോള്‍ കോലി 22 പന്തില്‍ 36 റണ്‍സാണ് നേടിയത്. പവര്‍പ്ലേ കഴിഞ്ഞതോടെ ഫാഫ് ഡുപ്ലെസിസ് (28), ഗ്ലെന്‍ മാക്‌സ്‌വെല്‍ (11), മഹിപാല്‍ ലോംറോര്‍ (1) എന്നിവരെ മടക്കി ഗുജറാത്ത് മത്സരത്തിലേക്ക് തിരികെ വന്നു. പിന്നാലെയെത്തിയ മൈക്കില്‍ ബ്രേസ്‌വെല്ലിനെ കൂട്ടുപിടിച്ചായിരുന്നു കോലി ആര്‍സിബി സ്‌കോര്‍ ഉയര്‍ത്തിയത്.