അഹമ്മദാബാദ് : അവസാന പന്തുവരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഐപിഎൽ കിരീടം ചെന്നൈ സൂപ്പർ കിങ്‌സ് പിടിച്ചെടുത്തത്. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാമത്തെ പന്ത് സിക്‌സിനും, ആറാം പന്ത് ഫോറിനും പറത്തി രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ വിജയ ശിൽപിയായത്. ഓവറിലെ ആദ്യ നാല് പന്തുകളും മനോഹരമായെറിഞ്ഞ് മോഹിത് ഗുജറാത്തിന് വിജയ പ്രതീക്ഷ നൽകിയെങ്കിലും ജഡേജ ആ സ്വപ്‌നങ്ങളെല്ലാം തല്ലിക്കെടുത്തുകയായിരുന്നു.
മത്സരശേഷം തനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹിത് ശർമ. 'അവസാന ഓവറിൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതില്‍ എന്‍റെ മനസിന് വ്യക്‌തതയുണ്ടായിരുന്നു. നെറ്റ്‌സിൽ ഞാൻ അത്തരം സാഹചര്യങ്ങൾ പരിശീലിച്ചിരുന്നു. അതിനാൽ എല്ലാ പന്തുകളും യോർക്കറുകൾ എറിയാൻ ഞാൻ തീരുമാനിക്കുകയായിരുന്നു' - മോഹിത് പറഞ്ഞു.
ഇതിനിടെ നാലാം പന്ത് എറിഞ്ഞതിന് പിന്നാലെ മോഹിത്തിന് സബ്സ്റ്റിറ്റ്യൂട്ട് താരം വഴി പരിശീലകൻ ആശിഷ് നെഹ്റ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഒപ്പം നായകൻ ഹാർദിക് പാണ്ഡ്യയും ഉണ്ടായിരുന്നു. ഈ പ്രവർത്തിയാണ് മികച്ച രീതിയിൽ പന്തെറിഞ്ഞുകൊണ്ടിരുന്ന മോഹിത്തിന്‍റെ ആത്മവിശ്വാസം തകർത്തതെന്ന ആരോപണം ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എന്നാൽ ആ ആരോപണങ്ങളേയും മോഹിത് തള്ളിക്കളഞ്ഞു.
'എന്‍റെ പദ്ധതി എന്താണെന്ന് അറിയാൻ അവർ ആഗ്രഹിച്ചു. ഞാൻ തുടർന്നും യോർക്കറുകൾ എറിയാം എന്ന് അറിയിക്കുകയായിരുന്നു. എന്നാൽ ജനം ഇപ്പോഴും അതും ഇതും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ വ്യക്തമായി പറഞ്ഞാൽ അതിൽ ഒരു അർഥവുമില്ല. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട് - മോഹിത് വ്യക്‌തമാക്കി.
ഞാൻ യോർക്കറുകൾ എറിയാൻ വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. അതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഐപിഎല്ലിലുടനീളം ഞാൻ അത് ചെയ്‌തിട്ടുണ്ട്. എന്നാൽ ഞാൻ എറിഞ്ഞ പന്ത് വിചാരിച്ചിടത്തല്ല വീണത്. ജഡേജ അത് മുതലാക്കി. നിർഭാഗ്യവശാൽ പദ്ധതിയനുസരിച്ച് കാര്യങ്ങൾ നടന്നില്ല. അവസാന ഡെലിവറി ലോ ഫുൾടോസ് ആയി മാറി. ജഡേജ അത് മനോഹരമായി ബൗണ്ടറി കടത്തി' - മോഹിത് പറഞ്ഞു.
'അന്നത്തെ ദിവസം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മറ്റൊരു രീതിയിൽ എറിഞ്ഞിരുന്നെങ്കിൽ ജയിക്കാനാകുമായിരുന്നു എന്ന് ചിന്തിച്ചുകൊണ്ടിരുന്നു. ഞാൻ ശ്രമിച്ചു. എന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചു. ഇപ്പോൾ ആ തോൽവി നല്ലൊരു വികാരമല്ല. എവിടെയോ എന്തോ നഷ്‌ടപ്പെട്ടു. പക്ഷേ ഞാൻ മുന്നോട്ട് പോകാൻ ശ്രമിക്കുന്നു' - മോഹിത് ശർമ കൂട്ടിച്ചേർത്തു.
അവിശ്വസനീയ ജയം : മോഹിത് ശർമ അവസാന ഓവർ എറിയാനെത്തുമ്പോൾ ആറ് പന്തിൽ 13 റണ്‍സായിരുന്നു ചെന്നൈയുടെ വിജയ ലക്ഷ്യം. ആദ്യ പന്ത് നേരിട്ട ശിവം ദുബെക്ക് റണ്‍സൊന്നും നേടാനായില്ല. അടുത്ത മൂന്ന് പന്തുകളിൽ നിന്ന് മൂന്ന് റണ്‍സ് മാത്രമേ മോഹിത് വിട്ടുനൽകിയുള്ളൂ. ഇതോടെ രണ്ട് പന്തുകളിൽ നിന്ന് 10 റണ്‍സായി ചെന്നൈയുടെ വിജയലക്ഷ്യം.
ഇതോടെ ഗുജറാത്ത് ക്യാമ്പ് ആഘോഷം ആരംഭിച്ചു. എന്നാൽ പിന്നീടുള്ള രണ്ട് പന്തുകളിൽ കളിയുടെ ഗതിയാകെ മാറുകയായിരുന്നു. ഫുള്‍ ലെങ്തില്‍ എത്തിയ മോഹിത്തിന്‍റെ അഞ്ചാം പന്ത് ജഡേജ ബൗളറിന് തലയ്‌ക്ക് മുകളിലൂടെ തന്നെ അതിര്‍ത്തി കടത്തി. ഇതോടെ വിജയിക്കാൻ ഒരു പന്തിൽ നാല് റണ്‍സ്.
അവസാന പന്തില്‍ യോർക്കറിന് ശ്രമിച്ച മോഹിത്തിന് ചെറുതായൊന്ന് പാളി. ലോ ഫുൾടോസ് ആയി പന്ത് എത്തിയത് ജഡേജയുടെ പാഡിന് നേര്‍ക്കാണ്. കൃത്യമായി പന്തിനായി കാത്തുനിന്ന ജഡേജ, പന്ത് മനോഹരമായി ഫ്ലിക്ക് ചെയ്‌ത് ഫൈന്‍ ലെഗിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു.