ഐപിഎല്‍അരങ്ങേറ്റം നടത്തി പത്താം വര്‍ഷത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മോഹിത് ശര്‍മ്മ തന്‍റെ കരിയറിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇന്നലെ അഹമ്മദാബാദില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ജയം അതിവേഗമാക്കിയത് മോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സ്‌പെല്ലാണ്. മത്സരത്തില്‍ 2.2 ഓവര്‍ മാത്രം പന്തെറിഞ്ഞ മോഹിത് 10 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ അഞ്ച് വിക്കറ്റുകള്‍ നേടിയത്.
മുംബൈയുടെ വിശ്വസ്‌തന്‍ സൂര്യകുമാര്‍ യാദവ് ആണ് ആദ്യം മോഹിതിന് മുന്നില്‍ വീണത്. പിന്നാലെ വിഷ്‌ണു വിനോദും, ക്രിസ് ജോര്‍ഡനും പിയൂഷ് ചൗളയും മോഹിതിന്‍റെ ഇരകളായി. ഒടുവില്‍ കുമാര്‍ കാര്‍ത്തികേയയെ ഡേവിഡ് മില്ലറിന്‍റെ കൈകളിലെത്തിച്ചാണ് 34കാരനായ താരം അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.
നിലവില്‍ പുരോഗമിക്കുന്ന ഐപിഎല്‍ പതിനാറാം പതിപ്പിന് മോഹിത് ശര്‍മ്മയെന്ന വെറ്ററന്‍ പേസറുടെ തിരിച്ചുവരവിന്‍റെ കഥ കൂടി പറയാനുണ്ട്. 2013ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെയായിരുന്നു മോഹിത് ശര്‍മ്മയുടെ അരങ്ങേറ്റം. അരങ്ങേറ്റ സീസണില്‍ ധോണിക്ക് കീഴില്‍ ചെന്നൈക്കായി 15 മത്സരം കളിച്ച താരം 20 വിക്കറ്റുകള്‍ നേടി.
ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പ്, ലോകകപ്പ് ടീമില്‍ സ്ഥാനം :ഐപിഎല്‍ അരങ്ങേറ്റം നടത്തിയ 2013ല്‍ തന്നെ ഇന്ത്യന്‍ ടീമിലേക്കും മോഹിതിന് വിളിയെത്തി. തൊട്ടടുത്ത വര്‍ഷത്തെ ഐപിഎല്ലിലും ചെന്നൈ കുപ്പായത്തില്‍ തന്നെയായിരുന്നു മോഹിത് കളത്തിലിറങ്ങിയത്. അന്ന് 16 മത്സരം കളിച്ച താരം സീസണില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന കളിക്കാരന് ലഭിക്കുന്ന പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയായിരുന്നു കളിയവസാനിപ്പിച്ചത്.
2014ലെ ടി20 ലോകകപ്പിലും തൊട്ടടുത്ത വര്‍ഷം നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ നായകന്‍ എംഎസ് ധോണി വിശ്വാസമര്‍പ്പിച്ചിരുന്ന ബൗളര്‍മാരില്‍ ഒരാളായും മോഹിത് ഇടം പിടിച്ചു. എന്നാല്‍, ലോകകപ്പുകളില്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ പന്തെറിയാന്‍ മോഹിത് ശര്‍മ്മയ്‌ക്കായില്ല. പിന്നാലെ, ഐപിഎല്ലിലും ഈ ഹരിയാനക്കാരന് താളം നഷ്‌ടപ്പെട്ടുതുടങ്ങി.
പരിക്കും താരത്തിന്‍റെ പ്രകടനങ്ങളെ കാര്യമായി തന്നെ ബാധിച്ചു. 2014ലെ പര്‍പ്പിള്‍ ക്യാപ് വിന്നറായ മോഹിതിന് തൊട്ടടുത്ത വര്‍ഷം ഐപിഎല്ലില്‍ നിന്നും 15 വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്. ആ സീസണിന് പിന്നാലെ പഞ്ചാബ് കിങ്‌സിലേക്കും താരം ചേക്കേറി.