ചെന്നൈ :ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യ ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് ഈ മത്സരം. സീസണിലെ ആദ്യ മത്സരം ഗുജറാത്തിനോട് തോറ്റുകൊണ്ടായിരുന്നു ചെന്നൈ തുടങ്ങിയത്.
പിന്നീട് ജയങ്ങള്‍ നേടി ടൂര്‍ണമെന്‍റിലേക്ക് ശക്തമായി തിരിച്ചുവന്ന അവര്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായാണ് പ്ലേഓഫില്‍ ഇടം പിടിച്ചത്. സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച ചെന്നൈ 8 എണ്ണത്തില്‍ ജയിച്ചു. തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ വമ്പന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്.
റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോണ്‍ കോണ്‍വെ, ശിവം ദുബെ എന്നിവരുടെ ബാറ്റിങ് മികവിലായിരുന്നു പ്ലേഓഫിലേക്ക് ചെന്നൈയുടെ കുതിപ്പ്. എന്നാല്‍, മികവിലേക്ക് ഉയരാന്‍ കഴിയാതിരുന്ന താരങ്ങളും ഒരോ മത്സരങ്ങളിലും ചെന്നൈയുടെ പ്ലേയിങ് ഇലവനില്‍ സ്ഥിരസാന്നിധ്യമായി. ഇപ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎസ് ധോണിയുടെ നായക മികവിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ ഓള്‍റൗണ്ടര്‍ മൊയീന്‍ അലി.
ഒന്നോ രണ്ടോ മോശം പ്രകടനങ്ങളുടെ പേരില്‍ താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കുന്നയാളല്ല ധോണി. ഓരോ താരങ്ങളില്‍ നിന്നും മികച്ച പ്രകടനം പുറത്തുകൊണ്ട് വരാനാണ് പലപ്പോഴും ചെന്നൈ നായകന്‍ ശ്രമിക്കുന്നതെന്നും മൊയീന്‍ അലി പറഞ്ഞു. സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് മൊയീന്‍ അലിയുടെ പ്രതികരണം.