മുംബൈ:ഐപിഎല്‍ ചരിത്രത്തിലെ ആയിരാമത് മത്സരത്തില്‍ ജയം പിടിച്ചത് മുംബൈ ഇന്ത്യന്‍സ് ആണെങ്കിലും ആരാധക മനം കവര്‍ന്നത് രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആണ്. രാജസ്ഥാനായി ഓപ്പണാറായി ക്രീസിലെത്തിയ താരം വാങ്കഡെയില്‍ സെഞ്ച്വറിയടിച്ചാണ് കളം വിട്ടത്. ഐപിഎല്‍ കരിയറില്‍ താരത്തിന്‍റെ ആദ്യത്തെ സെഞ്ച്വറി കൂടിയായിരുന്നുവിത്.
മുംബൈക്കെതിരെ 21 കാരന്‍ യശസ്വിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനത്തിന് പിന്നാലെ താരത്തിന് പ്രശംസകളും ഒഴുകിയെത്തുകയാണ്. മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ ഉള്‍പ്പടെയുള്ള പ്രമുഖരാണ് ജയസ്വാളിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനായി സെഞ്ച്വറിയടിച്ച ജയ്‌സ്വാള്‍ ഭാവിയില്‍ ഇന്ത്യക്ക് വേണ്ടിയും സെഞ്ച്വറികള്‍ അടിച്ചുകൂട്ടുമെന്നും വോണ്‍ അഭിപ്രായപ്പെട്ടു.
വളരെ മനോഹരമായിരുന്നു അവന്‍റെ ബാറ്റിങ്. പ്രതിഭയുള്ള ഒരു താരമാണ് അവന്‍. ഇന്നലത്തെ അവന്‍റെ ഇന്നിങ്‌സ് വളരെ സ്‌പെഷ്യലായിരുന്നു. ഈ ഇന്നിങ്‌സ് വളരെക്കാലം ഓര്‍മിക്കപ്പെടും. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവന്‍ ഇന്ത്യക്കായി കളിക്കും. ഇന്ത്യക്ക് വേണ്ടി സെഞ്ച്വറികളും നേടും' വോണ്‍ പറഞ്ഞു.
ജയ്‌സ്വാള്‍ ഒരു 360 ഡിഗ്രി കളിക്കാരനാണെന്നും വോണ്‍ അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് പുസ്‌തകത്തിലെ എല്ലാ ഷോട്ടുകളും ജയ്‌സ്വാള്‍ കളിക്കാറുണ്ട്. ഒരു മോഡേണ്‍ പ്ലയര്‍ കളിക്കുന്ന ഷോട്ടുകളും അവന്‍ അനായാസം കളിക്കും. മൈതാനത്തിന്‍റെ ഏത് വശത്തേക്കും പന്തെത്തിക്കാനുള്ള മൈന്‍ഡ്‌സെറ്റ് ഉള്ള താരം കൂടിയാണ് അവന്‍' വോണ്‍ കൂട്ടിച്ചേര്‍ത്തു.