ചെന്നൈ:ബോളര്‍മാരുടെ മികവില്‍ കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സിനെ പത്ത് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യൻസ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത് മുംബൈ ഇന്ത്യൻസ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യത്തിലേക്കുള്ള കൊല്‍ക്കത്തയുടെ പോരാട്ടം നിശ്ചിത ഓവറില്‍ 142 റണ്‍സിലവസാനിച്ചു. കൊല്‍ക്കത്തയ്‌ക്കായി ബാറ്റിങ്ങിനിറങ്ങിയ ഒമ്പത് പേരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് മുംബൈ പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കിയത്. 36 പന്ത് നേരിട്ട യാദവ് രണ്ട് സിക്‌സും ഏഴ് ഫോറും അടക്കം 56 റണ്‍സെടുത്തു. 32 പന്തില്‍ 43 റണ്‍സെടുത്ത ക്യാപ്‌റ്റൻ രോഹിത് ശര്‍മയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാൻ കഴിയാതെ പോയതോടെയാണ് മുംബൈ സ്‌കോര്‍ ബോര്‍ഡ് 152ല്‍ അവസാനിച്ചത്.
അവസാന ഓവറുകളില്‍ മുംബൈയ്‌ക്ക് തുടരെ വിക്കറ്റുകള്‍ നഷ്‌ടമായി. രണ്ട് ഓവര്‍ മാത്രം പന്തെറിഞ്ഞ ആന്ദ്രെ റസല്‍ 15 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് സ്വന്തമാക്കിയത്. പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും നേടി.
താരതമ്യേന ചെറിയ ലക്ഷ്യമായിരുന്നെങ്കിലും വേഗത്തിലാണ് കൊല്‍ക്കത്ത ബാറ്റിങ് ആരംഭിച്ചത്. 24 പന്തില്‍ 33 റണ്‍സെടുത്ത ശുഭ്‌മാൻ ഗില്‍ പുറത്താകുമ്പോള്‍ 8.5 ഓവറില്‍ ടീം സ്‌കോര്‍ 72 റണ്‍സിലെത്തിയിരുന്നു. മറുവശത്ത് മികച്ച ബാറ്റിങ് പ്രകടനവുമായി നിതീഷ് റാണയും ഉറച്ചു നിന്നു. എന്നാല്‍ നിതീഷ് റാണയ്‌ക്ക് പിന്തുണ നല്‍കാൻ കൊല്‍ക്കത്ത നിരയില്‍ ബാറ്റ്‌സ്‌മാൻമാര്‍ ഇല്ലായിരുന്നു. ഒരുവശത്ത് നിന്ന് കരുതലോടെ കളിച്ച റാണ് 47 പന്തില്‍ 57 റണ്‍സെടുത്തു.
എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീണു. രാഹുല്‍ ത്രിപാഠി (5) ഓയിൻ മോര്‍ഗൻ (7) ഷാക്കിബ് അല്‍ ഹസൻ(9) ദിനേശ് കാര്‍ത്തിക് (8) ആന്ദ്രെ റസല്‍ (9) തുടങ്ങിയ പ്രമുഖരെല്ലാം പെട്ടെന്ന് മടങ്ങിയതോടെ കൊല്‍ക്കത്ത തോല്‍വിയിലേക്ക് വഴുതി വീണു. അവസാന ഓവറുകളില്‍ ട്രെന്‍റ് ബോള്‍ട്ടും, ജസ്‌പ്രീത് ബുംറയും മികച്ച രീതിയില്‍ പന്തെറിഞ്ഞു.
നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ രാഹുല്‍ ചഹാറാണ് മാൻ ഓഫ് ദി മാച്ച്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനവും മികച്ച് നിന്നു. ബോള്‍ട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി.