ചെന്നൈ: സൂപ്പര്‍ താരങ്ങളെ ടീമിലെടുത്താണ് മുംബൈ ഇന്ത്യന്‍സ് കിരീടം നേടി ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമായി മാറിയതെന്ന ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് മുംബൈയെ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ഹാര്‍ദിക്കിന്‍റെ പ്രതികരണം. ചെന്നൈ കളിക്കാരിലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഏറ്റവും മികവുറ്റ താരങ്ങളെ കൊണ്ടുവന്ന് കിരീടം നേടാനാണ് മുംബൈ ശ്രമിച്ചത് എന്നായിരുന്നു ഹാര്‍ദിക് പറഞ്ഞത്.
ഇതിന് പിന്നാലെ, ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വ്യാപക വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്ലിലേക്കും പിന്നാലെ ഇന്ത്യന്‍ ടീമിലേക്കും എത്തിയ ഹാര്‍ദിക്കിനെ രൂക്ഷമായ ഭാഷയിലായിരുന്നു ആരാധകര്‍ വിമര്‍ശിച്ചത്. എന്നാല്‍, ഇപ്പോള്‍ ഗുജറാത്ത് നായകന്‍റെ പ്രതികരണങ്ങള്‍ക്ക് മറുപടിയെന്നോണമുള്ള പ്രസ്‌താവനയുമായി രംഗകത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ.
ഇപ്പോള്‍ മുംബൈക്കൊപ്പം കളിക്കുന്ന രണ്ട് താരങ്ങള്‍ ഭാവിയില്‍ ഫ്രാഞ്ചൈസിയുടെയും ഇന്ത്യയുടെയും വലിയ താരങ്ങളായി മാറും. അപ്പോഴും പലരും മുംബൈ സൂപ്പര്‍താരങ്ങളുടെ ടീമാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കും എന്നാണ് രോഹിത് പറഞ്ഞത്. ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് കളത്തിലിറങ്ങും മുന്‍പ് ജിയോ സിനിമയ്‌ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു രോഹിതിന്‍റെ പ്രതികരണം.
Also Read :മുംബൈ ഇന്ത്യന്‍സിന്‍റെ ഐപിഎല്‍ കിരീട നേട്ടങ്ങള്‍ക്ക് കാരണം ലോകോത്തര താരങ്ങള്‍, ചെന്നൈയുടേത് പക്ഷേ മറ്റൊന്ന് : ഹാര്‍ദിക് പാണ്ഡ്യ
'ഹാര്‍ദിക് പാണ്ഡ്യയുടെയും ജസ്‌പ്രീത് ബുംറയുടെയും കാര്യത്തില്‍ സംഭവിച്ച അതേ കഥ തന്നെ ആയിരിക്കും ഇനിയും ആവര്‍ത്തിക്കാന്‍ പോകുന്നത്. അവര്‍ പിന്നിട്ട വഴികളിലൂടെ തന്നെ തിലക് വര്‍മ്മയും നേഹല്‍ വധേരയും സഞ്ചരിക്കും. അടുത്ത രണ്ട് വര്‍ഷം അവരുടെ പ്രകടനം നിരീക്ഷിക്കൂ.
അപ്പോഴും ആളുകള്‍ പറയും മുംബൈ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ടീം ആണെന്ന്. നേഹലിനെയും തിലകിനെയും ടീമിലെത്തിച്ച് വേണ്ട പരിശീലനം നല്‍കി. ഭാവിയില്‍ ഇവര്‍ രണ്ട് പേരും ഇന്ത്യക്കും ഞങ്ങള്‍ക്കുമുള്ള വലിയ താരങ്ങളായി മാറും' രോഹിത് പറഞ്ഞു.
തിലക് വര്‍മ്മയും, നേഹല്‍ വധേരയും ബാറ്റ് കൊണ്ട് മുംബൈക്കായി തകര്‍പ്പന്‍ പ്രകടനമാണ് ഐപിഎല്‍ പതിനാറാം പതിപ്പില്‍ പുറത്തെടുക്കുന്നത്. സീസണില്‍ 10 മത്സരം കളിച്ച തിലക് 300 റണ്‍സും 13 മത്സരങ്ങളില്‍ നിന്നും വധേര 237 റണ്‍സുമാണ് അടിച്ചെടുത്തത്. എലിമിനേറ്ററില്‍ ലഖ്‌നൗവിനെതിരെ കളത്തിലിറങ്ങിയപ്പോഴും ഇരുവരും ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
ചെപ്പോക്കില്‍ ലഖ്‌നൗവിനെതിരെ അഞ്ചാമാനായി ക്രീസിലെത്തിയ തിലക് വര്‍മ്മ 26 റണ്‍സ് നേടിയാണ് പുറത്തായത്. ഇംപാക്‌ട് പ്ലെയറായെത്തിയ നേഹല്‍ വധേര 12 പന്തില്‍ നിന്നും 23 റണ്‍സ് നേടി. അവസാന ഘട്ടത്തില്‍ നേഹലിന്‍റെ ബാറ്റിങ്ങാണ് മത്സരത്തില്‍ മുംബൈക്ക് തകര്‍പ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.
Also Read :IPL 2023 | കേടായ മുംബൈ 'ബൗളിങ് യൂണിറ്റ്', അത് റിപ്പയര്‍ ചെയ്‌ത 'എഞ്ചിനിയര്‍'; പ്ലേഓഫില്‍ അഞ്ച് വിക്കറ്റ്, സ്റ്റാറായി ആകാശ് മധ്വാള്‍