ഹൈദരാബാദ്:സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് മത്സരത്തിന്‍റെ വിധി മാറ്റിയെഴുതിയത് ഒരു ഓവറാണ്. മത്സരത്തിന്‍റെ പതിനാറാം ഓവറില്‍ അഞ്ച് സിക്‌സ് ഉള്‍പ്പടെ 31 റണ്‍സാണ് മാര്‍ക്കസ് സ്റ്റോയിനിസും നിക്കോളസ് പുരാനും ചേര്‍ന്ന് അടിച്ചെടുത്തത്. അഭിഷേക് ശര്‍മയായിരുന്നു ഈ ഓവര്‍ എറിഞ്ഞത്.
ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് 15 ഓവര്‍ അവസാനിക്കുമ്പോള്‍ 114-2 എന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് ടീം കുതിച്ചത്. ഒടുവില്‍ നാല് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ലഖ്‌നൗ ജയത്തിലേക്ക് എത്തുകയായിരുന്നു.
ഈ ഒരൊറ്റ ഓവര്‍കൊണ്ട് ഐപിഎല്ലില്‍ ഒരു നാണക്കേടിന്‍റെ റെക്കോഡ് പട്ടികയിലും ഹൈദരാബാദ് ഓള്‍റൗണ്ടര്‍ അഭിഷേക് ശര്‍മ്മ ഇടം പിടിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയ ബൗളര്‍മാരുടെ പട്ടികയിലാണ് അഭിഷേകിന്‍റെ പേരും ചേര്‍ക്കപ്പെട്ടത്. ഈ നാണക്കേടിന്‍റെ പട്ടികയില്‍ ഇടം നേടുന്ന ആറാമത്തെ മാത്രം താരമാണ് അഭിഷേക് ശര്‍മ.
ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഒരു ബൗളര്‍ ഓരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ യാഷ് ദയാല്‍ ആയിരുന്നു നേരത്തെ ഈ പട്ടികയില്‍ ഇടം പിടിച്ചത്. അഹമ്മദാബാദില്‍ കൊല്‍ക്കത്തയുടെ റിങ്കു സിങ് ആണ് യാഷ് ദയാലിനെ അഞ്ച് സിക്‌സര്‍ പറത്തിയത്.
Also Read :IPL 2023| ഓറഞ്ച് തോട്ടത്തില്‍ ലഖ്‌നൗ വിളവെടുത്തു; രാജസ്ഥാന് മുട്ടന്‍ പണി