മൊഹാലി :ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലാണ് ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരെ മൊഹാലിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പടുത്തുയര്‍ത്തിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ അവര്‍ ക്രീസിലേക്ക് വന്നപാടെ അടി തുടങ്ങി. കയില്‍ മയേഴ്‌സ് ആയിരുന്നു ബാറ്റിങ് സ്‌ഫോടനം തുടങ്ങിവച്ചത്.
പവര്‍പ്ലേയില്‍ മയേഴ്‌സ് തകര്‍ത്തടിച്ചു. 24 പന്തില്‍ 54 റണ്‍സ് നേടിയായിരുന്നു താരം പുറത്തായത്. ഏഴ് ഫോറും നാല് സിക്‌സും അടങ്ങിയതായിരുന്നു മയേഴ്‌സിന്‍റെ ഇന്നിങ്‌സ്.
ഓപ്പണര്‍മാരെ നഷ്‌ടപ്പെട്ടതോടെ ആയുഷ് ബഡോണിയും മാര്‍ക്കസ് സ്റ്റോയിനിസും ആക്രമണത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ബഡോണി 24 പന്ത് നേരിട്ട് 43 റണ്‍സാണ് അടിച്ചുകൂട്ടിയത്. ലഖ്‌നൗ നിരയില്‍ കൂടുതല്‍ അപകടകാരിയായി മാറിയത് മാര്‍ക്കസ് സ്റ്റോയിനിസാണ്.
40 പന്തില്‍ നിന്നും ഓസീസ് ഓള്‍റൗണ്ടര്‍ 72 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് സിക്‌സര്‍ അതിര്‍ത്തി കടത്തിയ സ്റ്റോയിനിസ് ആറ് ഫോറും ബൗണ്ടറിയിലേക്ക് പായിച്ചു. ആറാമനായി ക്രീസിലെത്തിയ നിക്കോളാസ് പുരാനും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.
Also Read :IPL 2023| ഹിമാലയൻ സ്കോറിന് മുന്നിൽ മുട്ടുമടക്കി പഞ്ചാബ്; ലഖ്‌നൗവിന് 56 റൺസിൻ്റെ ജയം
19 പന്തില്‍ നിന്നും പുരാന്‍ 45 റണ്‍സ് അടിച്ചെടുത്തു. ഇതോടെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ലഖ്‌നൗ 257 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണ് ഇത്.
ഏഴ് റണ്‍സ് അകലെ റെക്കോഡ് നഷ്‌ടം:മൊഹാലിയില്‍ ലഖ്‌നൗ ബാറ്റര്‍മാര്‍ തകര്‍ത്തടിച്ചപ്പോള്‍ നിശ്ചിത 20 ഓവറില്‍ അവരുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് എത്തിയത് 257 റണ്‍സ്. മത്സരത്തില്‍ ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ ലഖ്‌ലൗ സൂപ്പര്‍ ജയന്‍റ്‌സിന് സാധിച്ചിരുന്നെങ്കില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ തങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതാന്‍ അവര്‍ക്കാകുമായിരുന്നു. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പേരിലാണ് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
2013 ല്‍ ഗെയ്‌ല്‍ സംഹാരതാണ്ഡവമാടിയ മത്സരത്തില്‍ പൂനെ വാരിയേഴ്‌സിനെതിരെ 20 ഓവറില്‍ 263 റണ്‍സായിരുന്നു ആര്‍സിബി അടിച്ചെടുത്തത്. ഈ മത്സരത്തിലാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ക്രിസ് ഗെയ്ല്‍ (175) സ്വന്തമാക്കിയത്.
അതേസമയം, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ സ്വന്തമാക്കിയ ടീമുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തും ആര്‍സിബിയാണ്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ അവര്‍ 248 റണ്‍സ് നേടിയിരുന്നു. 2010 ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ 246 റണ്‍സും നേടിയിട്ടുണ്ട്. പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2018ല്‍ അടിച്ചെടുത്ത 245 ആണ് ഈ പട്ടികയില്‍ അഞ്ചാമതുള്ള ഉയര്‍ന്ന ടീം ടോട്ടല്‍.
Also Read :IPL 2023 | ധോണിപ്പടയ്‌ക്കെതിരെ തുടര്‍വിജയങ്ങള്‍, രോഹിതിന് പിന്നില്‍ രണ്ടാമന്‍; അപൂര്‍വ റെക്കോഡ് നേട്ടത്തില്‍ സഞ്‌ജു സാംസൺ