കൊല്‍ക്കത്ത :ഈ സീസണിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആര് എന്ന ചോദ്യത്തിന് പലരും സംശയമൊന്നുമില്ലാതെ തന്നെ നല്‍കുന്ന ഉത്തരമാണ് കൊല്‍ക്കത്തയുടെ റിങ്കു സിങ്ങിന്‍റേത്. ഐപിഎല്‍ പതിനാറാം പതിപ്പില്‍ 12 പോയിന്‍റോടെ ഭേദപ്പെട്ട നിലയില്‍ മടങ്ങേണ്ടി വന്ന കൊല്‍ക്കത്തയുടെ പ്രകടനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഈ ഇടം കയ്യന്‍ ബാറ്ററാണ്.
എല്ലാ മത്സരങ്ങളിലും കൊല്‍ക്കത്തന്‍ ജഴസിയണിഞ്ഞ് കളത്തിലിറങ്ങിയ റിങ്കു സിങ് തന്നെ ആയിരുന്നു അവര്‍ക്കായി ഇക്കുറി കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയത്. 14 മത്സരങ്ങളില്‍ നിന്ന് 59.25 ശരാശരിയില്‍ 474 റണ്‍സാണ് ഇടം കയ്യന്‍ താരത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. നാല് അര്‍ധസെഞ്ച്വറിയും റിങ്കു ഈ സീസണില്‍ നേടിയിരുന്നു.
സീസണിലെ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത ലഖ്‌നൗവിനോട് പരാജയപ്പെട്ടെങ്കിലും ഈഡന്‍ ഗാര്‍ഡന്‍സില്‍ താരമായത് റിങ്കുവാണ്. 33 പന്തില്‍ പുറത്താകാതെ 67 റണ്‍സാണ് താരം നേടിയത്. മത്സരത്തിന്‍റെ അവസാന രണ്ടോവറില്‍ റിങ്കു നടത്തിയ വെടിക്കെട്ട് പ്രകടനമായിരുന്നു അവരുടെ തോല്‍വി ഭാരം കുറച്ചതും.
ഇതിന് പിന്നാലെ വെടിക്കെട്ട് ബാറ്റിങ് നടത്തിയ റിങ്കുവിനെ പ്രശംസിച്ച് എതിരെ കളിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിലെ താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. 'ഈ വര്‍ഷം റിങ്കുവായിരുന്നു സ്‌പെഷ്യല്‍. അവന്‍ ക്രീസിലുണ്ടെങ്കില്‍ അനായാസം ജയം സ്വന്തമാക്കാന്‍ എതിരാളികള്‍ക്ക് കഴിയില്ല' - എന്നായിരുന്നു മത്സരശേഷം ക്രുനാല്‍ പാണ്ഡ്യ പറഞ്ഞത്.
Also Read :IPL 2023 | പ്ലേഓഫിലെ 'നാലാമനെ' ഇന്നറിയാം ; മുംബൈക്കും ബാംഗ്ലൂരിനും അഗ്നിപരീക്ഷ, പ്രതീക്ഷയോടെ രാജസ്ഥാന്‍ റോയല്‍സും
റിങ്കു ഓരോ പന്ത് കളിക്കുമ്പോഴും തങ്ങള്‍ക്കിടയില്‍ ആശങ്ക കൂടിക്കൊണ്ടേയിരുന്നുവെന്ന് മത്സരത്തില്‍ ലഖ്‌നൗവിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ രവി ബിഷ്ണോയ് പറഞ്ഞു. അവിശ്വസനീയമായിരുന്നു താരത്തിന്‍റെ ബാറ്റിങ് എന്നും ബിഷ്‌ണോയ് കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ എതിരാളികളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ റിങ്കു സിങ്ങിന് സാധിച്ചിരുന്നുവെന്ന് മത്സരശേഷം ലഖ്‌നൗ തങ്ങളുടെ ട്വിറ്റര്‍ പേജിലും കുറിച്ചിരുന്നു.
എതിരെ കളിച്ചവര്‍ക്കൊപ്പം മുന്‍താരങ്ങളും കൊല്‍ക്കത്തയുടെ സൂപ്പര്‍ ഫിനിഷറെ പ്രശംസിക്കാന്‍ മറന്നില്ല. ഐപിഎല്‍ പതിനാറാം പതിപ്പിലെ ഏറ്റവും മികച്ച ഫിനിഷര്‍ റിങ്കു സിങ് ആണെന്നായിരുന്നു ഇംഗ്ലണ്ടിന്‍റെ മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഹമ്മദാബാദില്‍ റിങ്കു നടത്തിയ പ്രകടനത്തേയും പീറ്റേഴ്‌സണ്‍ വാഴ്‌ത്തി.
Also Read :IPL 2023 | 'ഇത് ഇങ്ങനെയൊന്നുമല്ലട...'; വാള്‍ വീശി ആഘോഷം അനുകരിച്ച് വാര്‍ണര്‍, ചിരിയടക്കാനാകാതെ ജഡേജ: വീഡിയോ
ഇതേ അഭിപ്രായം മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും ട്വിറ്ററില്‍ രേഖപ്പെടുത്തിയിരുന്നു. റിങ്കുവിന്‍റെ പോരാട്ടവീര്യവത്തേയും മനോഭാവത്തേയും താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നായിരുന്നു വീരേന്ദര്‍ സെവാഗിന്‍റെ പ്രതികരണം. 'നെവര്‍ ഗിവ് അപ്പ്' എന്നതിന്‍റെ പ്രതീകമാണ് റിങ്കു സിങ്.
അവന് ഇതൊരു അസാധാരണമായൊരു സീസണായിരുന്നു. അവന്‍റെ കഠിനാധ്വാനങ്ങള്‍ മികച്ച പ്രകടനങ്ങളായി മാറിയതിലും ലോകശ്രദ്ധ നേടിയതിലും സന്തോഷമുണ്ടെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.