മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി 7.30 ന് മുംബൈയിലെ വാങ്ക്‌ടെ സ്റ്റേഡിയത്തിലാണ് മത്സരം. തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റ കൊൽക്കത്തയ്‌ക്ക് അഞ്ചാം തോൽവി ഒഴിവാക്കാൻ ഇന്നത്തെ വിജയം ഏറെ നിർണായകമാണ്. മറുവശത്ത് അപ്രതീക്ഷിത തോൽവികൾ ഏറ്റുവാങ്ങുന്ന ഡൽഹിക്കും വിജയം നിർണായകം തന്നെ.
നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും നാല് തോൽവിയും ഉൾപ്പെടെ ആറ് പോയിന്‍റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഡൽഹി. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും അഞ്ച് തോൽവിയും ഉൾപ്പെടെ ആറ് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് കൊൽക്കത്ത. പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയം നേടേണ്ടത് ഇരു ടീമുകൾക്കും നിർണായകമാണ്.
പൃഥ്വി ഷാ, ഡേവിഡ് വാർണർ ഓപ്പണിങ് സഖ്യം തിളങ്ങിയാൽ ഡൽഹിക്ക് കൂറ്റൻ സ്‌കോറിലേക്കെത്താൻ സാധിക്കും. റിഷഭ് പന്ത്, റോവ്‌മാൻ പവൽ, ലളിത് യാദവ്, തുടങ്ങിയർ കൂടി തകർപ്പനടി തുടങ്ങിയാൽ കൊൽക്കത്ത ബോളർമാർ വിയർക്കും. വാലറ്റത്ത് അക്‌സർ പട്ടേലും, ഷാർദുൽ താക്കൂറും തീപ്പൊരി പ്രകടനം നടത്തുന്നുണ്ട്.