ഷാര്‍ജ:ഐപിഎല്ലിന്‍റെ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടാനായി ഡല്‍ഹി ക്യാപിറ്റല്‍സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് പോരിനിറങ്ങും. ഷാര്‍ജ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ ഡല്‍ഹി ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റാണ് കിരീടപ്പോരാട്ടത്തിലേക്ക് ഒരവസരം കൂടി തേടുന്നത്.
അതേസമയം നാലാം സ്ഥാനക്കാരായ കൊല്‍ക്കത്ത എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണെത്തുന്നത്. ഐപിഎല്ലില്‍ കന്നി കിരീടം ലക്ഷ്യമിട്ടാണ് റിഷഭ് പന്തിന് കീഴില്‍ ഡല്‍ഹി മത്സരത്തിനിറങ്ങുക. ഇയാന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്തയാവട്ടെ ലക്ഷ്യമിടുന്നത് മൂന്നാം കിരീടമാണ്.
റിഷഭ് പന്തിന് കീഴില്‍ ഡല്‍ഹി
ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തുന്ന ഡല്‍ഹി ടൂർണമെന്‍റിലെ ഏറ്റവും സമതുലിതമായ ടീമുകളിലൊന്നാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ നിന്നും 10 വിജയത്തോടെ 20 പോയിന്‍റുകള്‍ സ്വന്തമാക്കിയാണ് ഡല്‍ഹി തലപ്പത്തെത്തിയത്.
ടോപ്പ് ഓർഡറില്‍ മികച്ച പ്രകടനം നടത്തുന്ന ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ എന്നിവരും റിഷഭ് പന്ത്, ഷിമ്രോൺ ഹെറ്റ്മെയറുമടക്കമുള്ള താരങ്ങളുമടങ്ങുന്ന മധ്യനിരയും ടീമിന് കരുത്താണ്. ബൗളിങ് യൂണിറ്റില്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍മാരായ കഗിസോ റബാഡ, ആൻറിച്ച് നോർട്ട്ജെ എന്നിവരോടൊപ്പം ആവേശ് ഖാനും അക്സര്‍ പട്ടേലും ആര്‍ അശ്വിനും ചേരുമ്പോള്‍ കരുത്ത് വര്‍ധിക്കും.