മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുണ്ടാവില്ലെന്ന് സ്ഥിരീകരിച്ച് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍. ഐപിഎല്ലില്‍ മെയ് ഒന്നിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ തുടയ്‌ക്ക് പരിക്കേറ്റ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കാന്‍ കഴിയില്ലെന്നും താരം അറിയിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു വലിയ കുറിപ്പ് രാഹുല്‍ പങ്കുവച്ചിട്ടുണ്ട്. "മെഡിക്കൽ ടീമിന്‍റെ ശ്രദ്ധാപൂർവമായ പരിഗണനയ്ക്കും കൂടിയാലോചനയ്ക്കും ശേഷം, ഉടൻ തന്നെ എന്‍റെ തുടയിൽ ഒരു ശസ്ത്രക്രിയ വേണമെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.
വരും ആഴ്‌ചകളിൽ എന്‍റെ ശ്രദ്ധ ഫിറ്റ്‌നസ് വീണ്ടെടുത്ത് എത്രയും വേഗം കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയെന്നതിലാവും. ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു തീരുമാനമാണ്. എന്നാല്‍ ഫിറ്റ്‌നസ് പൂര്‍ണമായി ഉറപ്പിക്കുകയാണ് ശരിയായ കാര്യമെന്ന് എനിക്ക് ബോധ്യമുണ്ട്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ നായകനെന്ന നിലയില്‍ ഈ നിർണായക ഘട്ടത്തില്‍ ടീമിനായി കളിക്കാന്‍ സാധിക്കാത്തത് ആഴത്തില്‍ വേദനപ്പെടുത്തുന്നതാണ്. പക്ഷേ, ടീമിലെ എല്ലാവരും അവസരത്തിനൊത്ത് ഉയർന്ന് എല്ലായ്‌പ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാ കളികളിലും അവരെ പ്രോത്സാഹിപ്പിക്കാന്‍ ഞാനുണ്ടാവും" - കെഎല്‍ രാഹുല്‍ കുറിച്ചു.
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്കായി കളിക്കാന്‍ കഴിയാത്തത് ഏറെ നിരാശ നല്‍കുന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി. "ടീം ഇന്ത്യയ്‌ക്കൊപ്പം അടുത്ത മാസം ഓവലിൽ ഞാനുണ്ടാകില്ല എന്നത് ഏറെ നിരാശ പകരുന്നതാണ്. നീല നിറത്തിൽ തിരിച്ചെത്താനും എന്‍റെ രാജ്യത്തെ സഹായിക്കാനും ഞാൻ കഴിയുന്നതെല്ലാം ചെയ്യും. അക്കാര്യത്തിനായിരുന്നു ഞാന്‍ ഏപ്പോഴും ഏറെ ശ്രദ്ധയും മുൻഗണനയും നല്‍കിയിരുന്നത്" - രാഹുല്‍ പറഞ്ഞു.