ലഖ്‌നൗ:ടെസ്റ്റ്-ഏകദിന ക്രിക്കറ്റ് ഫോര്‍മാറ്റില്‍ ആദ്യ ഓവറുകള്‍ മെയ്‌ഡന്‍ ആകുന്നത് പതിവ് കാഴ്‌ചയാണ്. എന്നാല്‍ ടി20 ക്രിക്കറ്റിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയെല്ല. ക്രിക്കറ്റിന്‍റെ കുട്ടിഫോര്‍മാറ്റില്‍ ആദ്യ പന്ത് മുതല്‍ തന്നെ ബോളര്‍മാരെ കടന്നാക്രമിക്കാനായിരിക്കും ബാറ്റര്‍മാര്‍ ശ്രമിക്കുക.
ആദ്യ ആറോവര്‍ പവര്‍പ്ലേ എങ്ങനെ മുതലാക്കാമെന്ന ചിന്തയോടെയായിരിക്കും ബാറ്റര്‍മാര്‍ ക്രീസിലേക്കെത്തുന്നത് പോലും. എന്നാല്‍ ചിലപ്പോഴൊക്കെ ഇതിന് വിപരീതമായും കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. അതും അപൂര്‍വമായി മാത്രം.
ഐപിഎല്‍ ക്രിക്കറ്റിലേക്ക് വന്നാല്‍, 2014 മുതല്‍ ഇതുവരെ 27 തവണയാണ് ഒരു ഇന്നിങ്‌സിന്‍റെ ആദ്യത്തെ ഓവര്‍ തന്നെ മെയ്‌ഡന്‍ ആകുന്നത്. അതില്‍ 11 എണ്ണം പിറന്നപ്പോഴും ക്രീസില്‍ ബാറ്ററായി ഉണ്ടായിരുന്നത് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകനായ കെഎല്‍ രാഹുലാണ്. ലഖ്‌നൗ രാജസ്ഥാന്‍ മത്സരത്തില്‍ ആദ്യ ഓവര്‍ പന്തെറിഞ്ഞ ട്രെന്‍റ് ബോള്‍ട്ടായിരുന്നു രാഹുലിനെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെ പൂട്ടിയത്.
ബോള്‍ട്ടിന്‍റെ ആദ്യ ആറ് പന്തില്‍ വമ്പന്‍ ഷോട്ടുകള്‍ക്കും രാഹുല്‍ ശ്രമിച്ചിരുന്നില്ല. ഇതിന് പിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും ട്രോളുകളുമായി ആരാധകരും രംഗത്തെത്തിയിരുന്നു. പവര്‍പ്ലേയിലെ മെല്ലെപ്പോക്കിനാണ് സൂപ്പര്‍ ജയന്‍റ്‌സ് നായകനെ പീറ്റേഴ്‌സണ്‍ വിമര്‍ശിച്ചത്.
'പവര്‍പ്ലേയില്‍ കെഎല്‍ രാഹുല്‍ ബാറ്റ് ചെയ്യുന്നത് കാണുന്നത് ഏറ്റവും ബോറടിപ്പിക്കുന്ന ഒരു കാര്യമാണ്' എന്നായിരുന്നു കെവിന്‍ പീറ്റേഴ്‌സണിന്‍റെ അഭിപ്രായം. അതേസമയം രാജസ്ഥാനെതിരായ മത്സരത്തില്‍ ലഖ്‌നൗ നായകന്‍ 32 പന്ത് നേരിട്ട് 39 റണ്‍സായിരുന്നു നേടിയത്. 121.88 പ്രഹരശേഷിയിലായിരുന്നു രാഹുല്‍ ബാറ്റ് ചെയ്‌തത്.
നാല് ഫോറും ഒരു സിക്‌സും രാഹുലിന്‍റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് സീസണ്‍ തുടക്കം മുതല്‍ തന്നെ പഴി കേള്‍ക്കണ്ടി വന്ന താരമാണ് കെഎല്‍ രാഹുല്‍. ആദ്യ നാല് മത്സരങ്ങളിലും രാഹുലിന് മികച്ച പ്രകടനം നടത്താനായില്ല. അഞ്ചാം മത്സരത്തില്‍ പഞ്ചാബിനെതിരെ അര്‍ധസെഞ്ച്വറി താരം നേടിയിരുന്നു. എന്നാല്‍ ആ മത്സരത്തില്‍ ലഖ്‌നൗവിന് തോല്‍വിയോടെ മടങ്ങേണ്ടി വന്നു.
അതേസമയം, ഇന്നലെ നടന്ന സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍സ് മത്സരത്തില്‍ ബോളര്‍മാരായിരുന്നു കൂടുതല്‍ ആധിപത്യം പുലര്‍ത്തിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആതിഥേയരായ ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 154 റണ്‍സ് നേടിയായിരുന്നു ഇന്നിങ്‌സ് അവസാനിപ്പിച്ചത്. വെടിക്കെട്ട് ബാറ്റര്‍ കയില്‍ മയേഴ്‌സ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് വമ്പന്‍ അടികളൊന്നും നടത്താനായില്ല.
അര്‍ധ സെഞ്ച്വറി നേടി മയേഴ്‌സ് 42 പന്തില്‍ 51 റണ്‍സ് അടിച്ചാണ് പുറത്തായത്. മാര്‍ക്കസ് സ്റ്റോയിനിസ് 16 പന്തില്‍ 21 റണ്‍സ്, നിക്കോളസ് പുരാന്‍ 20 പന്തില്‍ 29 റണ്‍സ് എന്നിങ്ങനെയായിരുന്നു നേടിയത്. രാജസ്ഥാനായി നാലോവര്‍ പന്തെറിഞ്ഞ ട്രെന്‍റ് ബോള്‍ട്ട് 16 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.
സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ 23 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍മാരെ പൂട്ടാനും ലഖ്‌നൗ ബോളര്‍മാര്‍ക്കായി. റോയല്‍സിന്‍റെ ഓപ്പണിങ് സഖ്യം ആദ്യ വിക്കറ്റില്‍ 11.3 ഓവറില്‍ 87 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
യശ്വസി ജെയ്‌സ്വാള്‍ 35 പന്തില്‍ 44 റണ്‍സ് നേടി. പിന്നാലെ ക്രീസിലെത്തിയ നായകന്‍ സഞ്‌ജു സാംസണ്‍ റണ്‍ ഔട്ട് ആയി. നിലയുറപ്പിച്ച് കളിച്ച ജോസ് ബട്‌ലറിന് 41 പന്തില്‍ 40 റണ്‍സ് എടുക്കാനാണ് സാധിച്ചത്.
പിന്നാലെയെത്തിയവര്‍ക്കും അതിവേഗം റണ്‍സ് അടിച്ചുകൂട്ടാനാകാതെ വന്നതോടെ ലഖ്‌നൗ രാജസ്ഥാനെതിരെ 10 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ആതിഥേയര്‍ക്കായി ആവേശ് ഖാന്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്. മാര്‍ക്കസ് സ്റ്റോയിനിസ് 28 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും പിഴുതപ്പോള്‍ നവീന്‍ ഉല്‍ ഹഖിന്‍റെ നാലോവറില്‍ 19 റണ്‍സെടുക്കാനെ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്കായുള്ളൂ.