കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകര്‍പ്പന്‍ വിജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിന് കഴിഞ്ഞിരുന്നു. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ഗാര്‍ഡന്‍സില്‍ ഒമ്പത് വിക്കറ്റിനാണ് സഞ്‌ജു സാംസണും സംഘവും കളി പിടിച്ചത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയ രാജസ്ഥാന്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കുകയും ചെയ്‌തു.
എന്നാല്‍ ഇതിന് പിന്നാലെ രാജസ്ഥാനെത്തേടിയെത്തിയിരിക്കുന്ന വാര്‍ത്ത അത്ര ശുഭകരമല്ലാത്തതാണ്. ടീമിന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ക്ക് പിഴ വിധിച്ചിരിക്കുകയാണ് ഐപിഎല്‍. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 10 ശതമാനം പിഴയാണ് ജോസ് ബട്‌ലര്‍ക്ക് വിധിച്ചിരിക്കുന്നത്.
പ്രസ്‌താവനയിലൂടെ ഐപിഎല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്‍റെ ആർട്ടിക്കിൾ 2.2 പ്രകാരമുള്ള ലെവൽ- 1 കുറ്റമാണ് ബട്‌ലര്‍ ചെയ്‌തിട്ടുള്ളത്. ഇക്കാര്യം രാജസ്ഥാന്‍ ഓപ്പണര്‍ സമ്മതിച്ചതായും ഐപിഎല്‍ അറിയിച്ചിട്ടുണ്ട്.
ബട്‌ലര്‍ ചെയ്‌ത കുറ്റം എന്താണെന്ന് വ്യക്തമല്ലെങ്കിലും മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ റണ്ണൗട്ടായതിന് ശേഷമുള്ള താരത്തിന്‍റെ പ്രതികരണത്തെ തുടർന്നാവാം ഐപിഎല്ലിന്‍റെ തീരുമാനമെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്. മൂന്ന് പന്തുകള്‍ നേരിട്ട ബട്‌ലര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളുമായുള്ള ആശയക്കുഴപ്പത്തിലാണ് താരം റണ്ണൗട്ടായത്.
ബട്‌ലര്‍ മടങ്ങിയതിന് ശേഷമെത്തിയ നായകന്‍ സഞ്‌ജു സാംസണും യശസ്വിയും ചേര്‍ന്ന് അപരാജിതരായി നിന്നാണ് രാജസ്ഥാനെ വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സായിരുന്നു നേടിയത്. അര്‍ധ സെഞ്ചുറി നേടിയ വെങ്കടേഷ് അയ്യരുടെ പ്രകടനമാണ് ടീമിന്‍റെ ഇന്നിങ്‌സിന്‍റെ നെടുന്തൂണ്‍.
നാല് വിക്കറ്റ് വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചഹലായിരുന്നു കൊല്‍ക്കത്തയുടെ നടുവൊടിച്ചത്. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 41 പന്തുകള്‍ ബാക്കി നിര്‍ത്തി 151 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. പുറത്താവാതെ 47 പന്തില്‍ 98 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്‍റെ പ്രകടനമാണ് ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. 12 ഫോറുകളും അഞ്ച് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. സഞ്‌ജു സാംസണ്‍ 29 പന്തില്‍ പുറത്താവാതെ രണ്ട് ഫോറുകളും അഞ്ച് സിക്‌സും സഹിതം 48 റണ്‍സാണ് നേടിയത്.
ആദ്യ ഓവര്‍ തൊട്ട് അടി തുടങ്ങിയ യശസ്വി രാജസ്ഥാന്‍റെ തുടക്കം തന്നെ മിന്നിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണ എറിഞ്ഞ ഒന്നാം ഓവറില്‍ 26 റണ്‍സാണ് യശസ്വി അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറിന്‍റെ നാലാം പന്തിലായിരുന്നു ബട്‌ലറുടെ പുറത്താവല്‍. ആന്ദ്രെ റസ്സല്‍ ഡയറക്‌ട് ഹിറ്റിലൂടെയാണ് ബട്‌ലറെ തിരിച്ച് കയറ്റിയത്.
തുടര്‍ന്നെത്തിയ സഞ്‌ജു പിന്തുണ നല്‍കിയപ്പോള്‍ ഒരറ്റത്ത് യശ്വസി ജയ്‌സ്വാള്‍ കത്തിക്കയറുകയും ചെയ്‌തു. വെറും 13 പന്തുകളിലായിരുന്നു താരം അര്‍ധ സെഞ്ചുറി തികച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡും ഇതോടെ യശ്വസി ജയ്‌സ്വാള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്‌തു.
ALSO READ: IPL 2023: 'ആരുണ്ടെങ്കിലും ഇല്ലെങ്കിലും, ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ആദ്യം വിളിയെത്തുക ജയ്‌സ്വാളിന്': രവി ശാസ്‌ത്രി