അഹമ്മദാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം അവസാന അഞ്ച് പന്തുകള്‍ സിക്‌സര്‍ പറത്തി റിങ്കു സിങ്ങാണ് കൊല്‍ക്കത്തയ്‌ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് മത്സരത്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഓള്‍റൗണ്ടര്‍ വിജയ്‌ശങ്കര്‍ (24 പന്തില്‍ 63) വെടിക്കെട്ട് അര്‍ധ സെഞ്ച്വറി ഗുജറാത്തിന് വേണ്ടി നേടിയിരുന്നു. യുവതാരം സായ് സുദര്‍ശന്‍ 38 പന്തില്‍ 53 റണ്‍സ് നേടിയാണ് പുറത്തായത്. ഇരുവരുടെയും പ്രകടനമാണ് മത്സരത്തില്‍ ആതിഥേയര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്‌ക്ക് വെങ്കിടേഷ് അയ്യരും മികച്ച സംഭാവന നല്‍കി. 40 പന്ത് നേരിട്ട വെങ്കിടേഷ് അയ്യര്‍ 83 റണ്‍സ് നേടിയാണ് പുറത്തായത്. നായകന്‍ നിതീഷ് റാണ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കായി 45 റണ്‍സ് നേടിയിരുന്നു. അവസാന ഓവറില്‍ 29 റണ്‍സ് വേണമെന്നിരിക്കെയാണ് യാഷ് ദയാല്‍ പന്തെറിയാനെത്തുന്നത്.
ആദ്യം താളം കണ്ടെത്താന്‍ വിഷമിച്ച റിങ്കു സിങ് അവസാനം നേരിട്ട 7 പന്തില്‍ നിന്നും ആറ് സിക്‌സാണ് അടിച്ചുപറത്തിയത്. ഇതില്‍ അഞ്ചും പിറന്നത് മത്സരത്തിന്‍റെ അവസാന ഓവറിലും. ഈ സമയം, യാഷ് ദയാലായിരുന്നു ഗുജറാത്തിനായി പന്തെറിയാനെത്തിയത്.
ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിളെടുത്തപ്പോള്‍ പോലും താരം വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല. പിന്നീടെറിഞ്ഞ അഞ്ചും പന്തും നിലംതൊടാതെയാണ് ഗാലറിയിലേക്ക് എത്തിയത്.
മത്സരത്തില്‍ റിങ്കുവിനെതിരെ അഞ്ച് സിക്‌സറുകള്‍ വഴങ്ങിയതിന് പിന്നാലെ നിരാശനായാണ് യാഷ് ദയാലിനെ മൈതാനത്ത് കാണാന്‍ കഴിഞ്ഞത്. മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചിരുന്നില്ല. ദയാല്‍ എറിഞ്ഞ നാലോവറില്‍ 69 റണ്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍മാര്‍ അടിച്ചെടുക്കുകയും ചെയ്തിരുന്നു.
മത്സരശേഷം നിരാശനായ എതിര്‍ ടീമിലെ താരത്തെ ആശ്വസിപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം തന്നെ രംഗത്തെത്തി. 'ഒരിക്കലും തല കുനിക്കരുത്. ഇത് നിങ്ങളുടെ ഒരു മോശം ദിവസം മാത്രമാണെന്ന് കരുതിയാല്‍ മതി. പല ലോകോത്തര താരങ്ങള്‍ക്കും ഇത് സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു ചാമ്പ്യനാണ്. ശക്തമായി തന്നെ നിങ്ങള്‍ക്ക് തിരിച്ചുവരാന്‍ സാധിക്കും' ദയാലിന്‍റെ ഫോട്ടോ പങ്കിട്ടുകൊണ്ട് കൊല്‍ക്കത്ത ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ഗുജറാത്തിനെതിരായ മത്സരത്തിലെ ജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തി. ആദ്യ മത്സരം പഞ്ചാബിനോട് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 7 റണ്‍സിന് പരാജയപ്പെട്ട കൊല്‍ക്കത്ത രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്താണ് വിജയവഴിയില്‍ തിരികെയെത്തിയത്.
Also Read:IPL 2023 | താരം റിങ്കു സിങ് തന്നെ, 'അവൻ എന്‍റെ കുഞ്ഞെന്ന്' ഷാരൂഖ്, പിന്നാലെ പത്താന്‍ പോസ്റ്ററിലും