മുംബൈ : ഐപിഎല്‍ സീസണ്‍ എത്തുമ്പോള്‍ എല്ലാ കൊല്ലവും ഉണ്ടാകുന്ന പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ റിട്ടയര്‍മെന്‍റ്. 2019ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കിയ താരം ഇപ്പോഴും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സജീവ സാന്നിധ്യമാണ്. അതേസമയം, ഈ വര്‍ഷത്തോടെ ധോണി ഐപിഎല്ലും മതിയാക്കും എന്ന ചര്‍ച്ചകളും ഇതിനോടകം തന്നെ ആരാധകര്‍ക്കും ക്രിക്കറ്റ് വിദഗ്‌ധര്‍ക്കുമിടയില്‍ ആരംഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് എംഎസ് ധോണിയുടെ ഐപിഎല്‍ വിരമിക്കലിനെ കുറിച്ചുള്ള തന്‍റെ അഭിപ്രായം വ്യക്തമാക്കി ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ താരവുമായ കേദാര്‍ ജാദവ് രംഗത്തെത്തിയത്. ഇതിഹാസ താരത്തിന്‍റെ ക്രിക്കറ്റ് കരിയറിന് ഈ ഐപിഎല്ലിന്‍റെ അവസാനത്തോടെ തിരശ്ശീല വീണേക്കാമെന്നാണ് ജാദവ് കരുതുന്നത്.
'എംഎസ് ധോണിയുടെ വിരമിക്കലിനെ സിഎസ്‌കെ ആരാധകര്‍ ഒരിക്കലും അംഗീകരിച്ചേക്കില്ല. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയപ്പോഴും ഇതേ അവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഒരു കായിക താരത്തിന്‍റെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കാര്യമാണിത്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് 42 വയസ് പൂര്‍ത്തിയാകും. ഇത് ഐപിഎല്ലില്‍ ധോണിയുടെ അവസാന വര്‍ഷം ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്' - കേദാര്‍ ജാദവ് അഭിപ്രായപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണി ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് മാറുന്നതിന് പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നും ജാദവ് കൂട്ടിച്ചേര്‍ത്തു.
'ഇനി അധിക കാലം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ പകരം മറ്റൊരു താരത്തെ ഉറപ്പായും അദ്ദേഹം തയ്യാറാക്കും. അത് സംഭവിക്കേണ്ടതുമാണ്. ഒരു മത്സരത്തിന്‍റെ അവസാന 2-3 ഓവറുകളിലെത്തി അത് ഫിനിഷ് ചെയ്യുന്നതിലാണ് അദ്ദേഹത്തിന്‍റെ കരുത്ത്.