മുംബൈ : ഐപിഎല്‍ 2023 സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് മിന്നും തുടക്കമിടാന്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് കഴിഞ്ഞിരുന്നു. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ വിജയമായിരുന്നു നിലവിലെ ചാമ്പ്യന്മാര്‍ സ്വന്തമാക്കിയത്. ഈ വിജയത്തിന്‍റെ ആഘോഷം തീരും മുമ്പ് ഗുജറാത്തിന് അല്‍പ്പം നിരാശ പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സ്റ്റാര്‍ ബാറ്റര്‍ കെയ്‌ന്‍ വില്യംസണിന്‍റെ പരിക്കാണ് ടീമിനെ ആശങ്കയിലാക്കുന്നത്. വലത് കാൽമുട്ടിന് പരിക്കേറ്റ താരത്തിന് ഐപിഎല്ലിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയത്തിലാണ്. വില്യംസണിന്‍റെ പരിക്കിന്‍റെ വ്യാപ്തി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
എന്നാല്‍ താരത്തിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇനി കളിക്കുവാന്‍ കഴിയുമോയെന്ന് ഉറപ്പില്ലെന്ന് ഐപിഎല്‍ ഭരണസമിതിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. വില്യംസണിന് അനിശ്ചിതകാലത്തേക്ക് മത്സര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നാണ് വിവരം. ചെന്നൈ ഇന്നിങ്‌സിന്‍റെ 13ാം ഓവറില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യവേയാണ് 32കാരനായ വില്യംസണിന് പരിക്കേല്‍ക്കുന്നത്.
റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ സിക്‌സര്‍ ശ്രമം തടയുന്നതിനിടെ നിലതെറ്റി വീണ വില്യംസണിന്‍റെ കാല്‍മുട്ട് നിലത്ത് ഇടിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ താരം വലതുകാൽമുട്ടില്‍ ഇരുകൈകള്‍ കൊണ്ടും മുറുകെ പിടിക്കുന്നത് കാണാമായിരുന്നു. സപ്പോര്‍ട്ടിങ് സ്റ്റാഫിന്‍റെ സഹായത്തോടെയാണ് ന്യൂസിലന്‍ഡിന്‍റെ മുന്‍ നായകന്‍ കളം വിട്ടത്. പിന്നീട് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി ബി സായി സുദർശനെ ഗുജറാത്ത് ഇറക്കിയിരുന്നു.
അതേസമയം വില്യംസണിന്‍റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് അറിയില്ലെന്നായിരുന്നു മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞത്. "അദ്ദേഹത്തിന്‍റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. പക്ഷേ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.