മൊഹാലി:ഐപിഎല്‍ ക്രിക്കറ്റ് ചരിത്രത്തിലെ വിക്കറ്റ് വേട്ടയില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി പഞ്ചാബിന്‍റെ കാഗിസോ റബാഡ. അതിവേഗം 100 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലൂടെ റബാഡ സ്വന്തമാക്കിയത്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരവും നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് പരിശീലകനുമായ ലസിത് മലിംഗയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് പഞ്ചാബ് താരം മാറ്റിയെഴുതിയത്.
64-ാം മത്സരത്തിലാണ് റബാഡ ഐപിഎല്‍ കരിയറിലെ നൂറാം വിക്കറ്റ് സ്വന്തമാക്കിയത്. കളിച്ച 70 മത്സരത്തിലായിരുന്നു മലിംഗ 100 വിക്കറ്റ് നേടിയത്. 81 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് തികച്ച ഇന്ത്യന്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍.
റാഷിദ് ഖാന്‍, അമിത് മിശ്ര, ആശിഷ് നെഹ്‌റ എന്നിവരാണ് നാലാം സ്ഥാനത്ത്. മൂവരും 83-ാം മത്സരത്തിലായിരുന്നു ഈ നേട്ടം പിന്നിട്ടത്. 84 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹലാണ് ആദ്യ അഞ്ചിലുള്ള മറ്റൊരു താരം.
2017-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലൂടെയാണ് റബാഡ ഐപിഎല്‍ അരങ്ങേറ്റം നടത്തുന്നത്. ആദ്യ സീസണില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. തൊട്ടടുത്ത വര്‍ഷം ഡല്‍ഹി നിലനിര്‍ത്തിയെങ്കിലും താരത്തിന് പരിക്കിനെ തുടര്‍ന്ന് സീസണ്‍ മുഴുവന്‍ നഷ്‌ടമായി.
ALSO READ:IPL 2023| 'ധോണിക്കെതിരെ ഒരു പ്ലാനും വര്‍ക്കായില്ല' : ചെപ്പോക്ക് ത്രില്ലറിന് പിന്നാലെ ചെന്നൈ നായകനെ പ്രശംസിച്ച് സഞ്‌ജു സാംസണ്‍
2019ലും ഡല്‍ഹിക്കായി കളിച്ച റബാഡ 13 മത്സരങ്ങളില്‍ നിന്നും 25 വിക്കറ്റാണ് നേടിയത്. തൊട്ടടുത്ത വര്‍ഷം ഐപിഎല്‍ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി. ഈ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 30 വിക്കറ്റായിരുന്നു താരം നേടിയത്.
2021ല്‍ 15 മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റ് മാത്രം നേടാനെ റബാഡയ്‌ക്കായുള്ളു. 2022ലാണ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും റബാഡ പഞ്ചാബ് കിങ്‌സിലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷം 13 മത്സരം കളിച്ച താരം 23 വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
ഈ സീസണില്‍ റബാഡ കളിച്ച ആദ്യ മത്സരമായിരുന്നു ഇന്നലെ (13 ഏപ്രില്‍) മൊഹാലിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്നത്. ഈ കളിയില്‍ നാല് ഓവര്‍ പന്തെറിഞ്ഞ റബാഡ 39 റണ്‍സ് വഴങ്ങി ആയിരുന്നു 1 വിക്കറ്റ് നേടിയത്. ഗുജറാത്തിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയായിരുന്നു പഞ്ചാബ് പേസര്‍ക്ക് മുന്നില്‍ വീണത്.
അതേസമയം, റബാഡ റെക്കോഡ് നേട്ടം സ്വന്തമാക്കിയെങ്കിലും പഞ്ചാബ് കിങ്‌സിന് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്‌ത്താനായില്ല. സീസണിലെ മറ്റൊരു അവസാന ഓവര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ആറ് വിക്കറ്റിന്‍റെ ജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെയായിരുന്നു ഗുജറാത്ത് മറികടന്നത്.
MORE READ:IPL 2023 | ഗില്ലിന്‍റെ തൂക്കിയടിയില്‍ 'പഞ്ചാബ് നിഷ്‌പ്രഭം'; ഗുജറാത്ത് ടൈറ്റന്‍സിന് അനായാസ വിജയം