മുംബൈ : ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണിന് കീഴിലിറങ്ങുന്ന രാജസ്ഥാന്‍ റോയൽസ് കാഴ്‌ചവയ്ക്കുന്നത്. ചെന്നൈയ്‌ക്കെതിരായ ജയത്തോടെ പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍ റോയൽസ് പ്ലേ ഓഫിനെത്തുന്നത്. എന്നാല്‍ രാജസ്ഥാന് ഓപ്പണറായ ജോസ് ബട്‌ലറിന്‍റെ ഫോമിനെക്കുറിച്ചാണ് ആവലാതി.
ഐപിഎല്ലില്‍ മിന്നും തുടക്കം ലഭിച്ച ബട്‌ലർ ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്നായി 3 സെഞ്ച്വറിയും 2 അര്‍ദ്ധ സെഞ്ച്വറിയുമടക്കം 491 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാൽ പിന്നീടുള്ള 7 മത്സരങ്ങളില്‍ നിന്ന് വെറും ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമാണ് നേടാനായത്. നേടിയതാകട്ടെ ആകെ 138 റണ്‍സും. പ്ലേ ഓഫിലെത്തിയ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളില്‍ ജോസ് ബട്‌ലർ ഫോമിലേക്ക് മടങ്ങിയെത്തുന്നില്ലെങ്കില്‍ കിരീടമെന്നത് വെറും സ്വപ്‌നം മാത്രമായി തീരും.