ധരംശാല: പഞ്ചാബ് കിങ്‌സിനെതിരായ നിര്‍ണായക മത്സരത്തിലും റണ്‍സടിക്കാതെ പുറത്തായതോടെ ഐപിഎല്ലില്‍ നാണക്കേടിന്‍റെ റെക്കോഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് ഓപ്പണിങ് ബാറ്റര്‍ ജോസ് ബട്‌ലറിന്‍റെ പേരിലായി. കാഗിസോ റബാഡ എറിഞ്ഞ രണ്ടാം ഓവറിന്‍റെ നാലാം പന്തിലാണ് ബട്‌ലര്‍ പുറത്തായത്. ഇതോടെ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പൂജ്യത്തിന് പുറത്തായ താരമായി ബട്‌ലര്‍.
ഈ സീസണില്‍ 5 പ്രാവശ്യമാണ് ജോസ് ബട്‌ലര്‍ ഡക്കിന് പുറത്തായത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് സംപൂജ്യനായുള്ള താരത്തിന്‍റെ മടക്കം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കെതിരെ രാജസ്ഥാന്‍ അവസാനമായി കളിച്ച രണ്ട് കളികളിലും ജോസ് ബട്‌ലര്‍ റണ്‍സൊന്നുമെടുത്തിരുന്നില്ല.
2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് താരമായിരുന്ന ഹെര്‍ഷല്‍ ഗിബ്‌സ്, പൂനെ വാരിയേഴ്‌സ് ഇന്ത്യയുടെ താരങ്ങളായ മിഥുന്‍ മന്‍ഹാസ് (2011), മനീഷ് പാണ്ഡെ (2012), 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കവെ ശിഖര്‍ ധവാന്‍, 2021ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഒയിന്‍ മോര്‍ഗനും പഞ്ചാബ് കിങ്‌സിന്‍റെ നിക്കോളസ് പുരാനും നാല് പ്രാവശ്യം ഡക്കായി മടങ്ങിയിരുന്നു. ഈ പട്ടികയുടെ തലപ്പത്തേക്കാണ് ഇപ്പോള്‍ ജോസ് ബട്‌ലര്‍ എത്തിയിരിക്കുന്നത്.
5 തവണ ഡക്ക് ആയെങ്കിലും ഈ സീസണില്‍ യശസ്വി ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ റണ്‍സ് അടിച്ചിട്ടുള്ളത് ജോസ് ബട്‌ലറാണ്. സീസണിലെ 14 മത്സരങ്ങളും കളിച്ച ബട്‌ലര്‍ 28 ശരാശരിയില്‍ 392 റണ്‍സ് നേടിയിട്ടുണ്ട്. 139 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരം 4 അര്‍ധസെഞ്ച്വറിയും നേടിയിരുന്നു.