കൊല്‍ക്കത്ത:വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും പിന്മാറി നാട്ടിലേക്ക് മടങ്ങിയ ഓപ്പണിങ് ബാറ്റര്‍ ലിറ്റണ്‍ ദാസിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. വെസ്‌റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ജോണ്‍സണ്‍ ചാള്‍സാണ് കൊല്‍ക്കത്തയിലേക്ക് ലിറ്റൺ ദാസിന് പകരമെത്തുന്നത്. ഐപിഎല്ലിലേക്ക് ഇപ്രാവശ്യം ആദ്യമായെത്തിയ ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസിന് ഒരു മത്സരം മാത്രമാണ് കളിക്കാന്‍ സാധിച്ചത്.
ലിറ്റണ്‍ ഇനി ഐപിഎല്ലിലേക്ക് മടങ്ങിയെത്തില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് പകരക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ കൊല്‍ക്കത്ത തീരുമാനിച്ചത്. ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഒരു മത്സരത്തില്‍ മാത്രമാണ് ലിറ്റണ്‍ കളത്തിലിറങ്ങിയത്. ആ കളിയില്‍ നാല് റണ്‍സ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
അയര്‍ലന്‍ഡ് പര്യടനത്തിലായിരുന്ന ബംഗ്ലാദേശ് ടീമില്‍ അംഗമായിരുന്നു ലിറ്റണ്‍ ദാസ്. ഇതേ തുടര്‍ന്ന് താരത്തിന് ഐപിഎല്‍ ആദ്യവാരത്തിലെ മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. ഇതിന് പിന്നാലെ രണ്ടാം വാരത്തോടെയായിരുന്നു താരം ടീമിനൊപ്പം ചേര്‍ന്നത്.
Also Read :IPL 2023| 'ഹിറ്റ്' ആകാതെ 'ഹിറ്റ്‌മാന്‍', പഞ്ചാബിനെതിരെ സംപൂജ്യനായി മടക്കം; നാണക്കേടിന്‍റെ റെക്കോഡ് പട്ടികയിലും സ്ഥാനം
നേരത്തെ ഐപിഎല്ലിന്‍റെ തുടക്കത്തില്‍ ബംഗ്ലാദേശ് താരവും കൊല്‍ക്കത്തയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസനും ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലിറ്റണ്‍ ദാസിന്‍റെയും പിന്മാറ്റം. അതേസമയം, അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്‌ക്കാണ് ജോണ്‍സണ്‍ ചാള്‍സിനെ കൊല്‍ക്കത്ത ടീമിലേക്ക് എത്തിച്ചത്.
വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ചാള്‍സ്. ദേശീയ ടീമിനായി 41 മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. ഇത്രയും മത്സരങ്ങളിലായി 971 ആണ് താരത്തിന്‍റെ സമ്പാദ്യം.
2012, 2016 ടി20 ലോകകപ്പ് നേടിയ വെസ്‌റ്റിന്‍ഡീസ് ടീമിലും ചാള്‍സ് അംഗമായിരുന്നു. നിരവധി ടി20 ലീഗുകളിലും താരം കളിച്ചിട്ടുണ്ട്. വ്യത്യസ്‌ത ഫ്രാഞ്ചൈസികള്‍ക്കായി 224 മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയിട്ടുള്ളത്. 5607 റൺസാണ് താരം ടി20 കരിയറില്‍ ഇതുവരെ അടിച്ചെടുത്തിട്ടുള്ളത്. ടി20യില്‍ ഒരു രാജ്യാന്തര സെഞ്ച്വറി ഉള്‍പ്പടെ നാല് സെഞ്ച്വറികളും ചാള്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം സീസണിലെ പത്താം മത്സരത്തിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നാണ് ഇറങ്ങുന്നത്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കെകെആറിന് എതിരാളികള്‍. ഇതുവരെ കളിച്ച ഒമ്പത് കളിയില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്.
ഇന്ന് ഹൈദരാബാദിനെതിരെ തോല്‍വി വഴങ്ങിയാല്‍ ടീമിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കും. ഇന്നത്തെ മത്സരത്തിന് ശേഷം അടുത്ത കളിയില്‍ പഞ്ചാബ് കിങ്‌സിനെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടുക. മെയ് എട്ടിന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഈ മത്സരം.
Also Read :IPL 2023 | 'ഞാൻ അങ്ങനെ തീരുമാനിച്ചിട്ടില്ല, 'തല' യുടെ തഗ്ഗ് മറുപടി'; ആവേശത്തിലായി ആരാധകര്‍ - വീഡിയോ