മുംബൈ:വിജയത്തിനായുള്ള അതിയായ ആസക്‌തി ഇപ്പോഴും ധോണിയിലുണ്ടെന്ന് ചെന്നൈ സൂപ്പർ കിങ്സ് നായകൻ രവീന്ദ്ര ജഡേജ. മുംബൈ ഇന്ത്യൻസിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് ജഡേജയുടെ പ്രതികരണം. മത്സരത്തിൽ അവസാന ഓവറിൽ ധോണിയുടെ ഫിനിഷിങ് മികവിലാണ് ചെന്നെ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ 13 പന്തിൽ നിന്ന് 28 റണ്‍സാണ് ധോണി നേടിയത്.
അദ്ദേഹത്തിന്‍റെ മികവ് ഇപ്പോഴും നഷ്‌ടപ്പെട്ടിട്ടില്ല. ധോണി ക്രീസിലുള്ളപ്പോൾ നാമെല്ലാം ശാന്തരായിരിക്കും. അവസാന ഓവർ വരെ ധോണി ക്രീസിലുണ്ടെങ്കിൽ മത്സരം വിജയിപ്പിക്കും എന്ന ഉറപ്പ് ഞങ്ങൾക്കുണ്ടായിരുന്നു. അവസാനത്തെ 2-3 പന്തുകൾ ധോണി ബൗണ്ടറി കടത്തുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഭാഗ്യവശാൽ അത് സംഭവിച്ചു. ജഡേജ പറഞ്ഞു.
മത്സരത്തിൽ ചെന്നൈക്ക് വിജയം സമ്മാനിച്ചതിൽ പ്രധാന പങ്ക് വഹിച്ച പേസർ മുകേഷ് ചൗദരിയേയും ജഡേജ പ്രശംസിച്ചു. ഞങ്ങളുടെ നെറ്റ് ബോളറായിരുന്നു ചൗദരി. അവൻ നെറ്റ്സിൽ നന്നായി ബോൾ ചെയ്യുകയും പന്ത് സ്വിങ് ചെയ്യുകയും ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ന്യൂ ബോൾ മനോഹരമായി അവൻ സ്വിങ് ചെയ്യിച്ചിരുന്നു. അതിനാലാണ് അവൻ ടീമിലേക്കെത്തിയത്.
കഴിഞ്ഞ ഒന്നു രണ്ട് മത്സരങ്ങളിൽ ചൗദരിക്ക് മികച്ച പ്രകടനം നടത്താനായില്ല. പക്ഷേ അവന് വിക്കറ്റുകൾ വീഴ്‌ത്താൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അവന് മികച്ച പിന്തുണ നൽകി. ഭാഗ്യവശാൽ അവൻ മികച്ച രീതിയിൽ ബോൾ ചെയ്‌തു. നിർണായക വിക്കറ്റുകൾ വീഴ്‌ത്തി. ജഡേജ കൂട്ടിച്ചേർത്തു.
ALSO READ:എത്ര കൂളായാണ് മത്സരം പിടിച്ചെടുക്കുന്നത്; ധോണിയെ അഭിനന്ദിച്ച് രോഹിത് ശർമ്മ
മുംബൈക്കെതിരായ മത്സരത്തിൽ ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറിൽ 17 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ മികച്ച രീതിയിൽ ബാറ്റ് വീശിയിരുന്ന ഡ്വെയ്‌ൻ പ്രിട്ടോറിയസ് പുറത്തായി. ഇതോടെ മുംബൈ ഏറെക്കുറെ വിജയം ഉറപ്പിച്ചു. പിന്നാലെയെത്തിയ ബ്രാവോ രണ്ടാം പന്തിൽ സിംഗിൾ എടുത്ത് സ്‌ട്രൈക്ക് ധോണിക്ക് കൈമാറി.
മൂന്നാം പന്തിൽ ധോണിയുടെ വക തകർപ്പനൊരു സിക്‌സ്. ഇതോടെ ചെന്നൈക്ക് ജയിക്കാൻ വേണ്ടത് മൂന്ന് പന്തിൽ 10 റണ്‍സ്. നാലാം പന്തിൽ ഫോർ. അഞ്ചാം പന്തിൽ ഡബിൾസ്. അവസാന പന്തിൽ ജയിക്കാൻ വേണ്ടത് നാല് റണ്‍സ്. ഉനദ്ഘട്ടിന്‍റെ ലോ ഫുൾടോസ് ബൗണ്ടറിയിലേക്ക് മടക്കി കൂൾ ആയി ധോണി ചെന്നൈക്ക് വിജയം സമ്മാനിക്കുകയായിരുന്നു.