ദുബായ് :ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്ററും ഒരു കാലത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്‍റെ നട്ടെല്ലുമായിരുന്ന ഡേവിഡ് വാർണർ ടീമിനോട് വിടപറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വൈകാരികമായ കുറിപ്പോടെയായിരുന്ന വാർണർ ആരാധകരോട് വിട പറഞ്ഞത്. 'മികച്ച യാത്ര' എന്നായിരുന്നു വാർണർ ഹൈദരാബാദിനൊപ്പമുള്ള കാലത്തെ വിശേഷിപ്പിച്ചത്.
ടീം തുടർച്ചയായി തോൽവികൾ വഴങ്ങിയപ്പോൾ വാർണറെ ഹൈദരാബാദിന്‍റെ നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തിരുന്നു. പിന്നാലെ ഫോമില്ലായ്മയുടെ പേരിൽ താരത്തെ പ്ലേയിങ് ഇലവനിൽ നിന്ന് തന്നെ ഒഴിവാക്കിയിരുന്നു. എന്നാൽ ഫേമില്ലായ്‌മക്കപ്പുറം ടീം മാനേജ്‌മെന്‍റും താരവും തമ്മിൽ കാര്യമായ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
"നിങ്ങൾ നൽകിയ ഓർമ്മകൾക്ക് നന്ദി. ഞങ്ങളുടെ ടീമിന് എല്ലായ്‌പ്പോഴും 100% നൽകുന്നതിനുള്ള പ്രധാന പ്രേരകശക്തി നിങ്ങളാണ്. നിങ്ങളുടെ പിന്തുണക്ക് എത്രത്തോളം നന്ദി പറഞ്ഞാലും മതിയാകില്ല. ഇതോരു മികച്ച യാത്രയായിരുന്നു. ഞാനും എന്‍റെ കുടുംബവും നിങ്ങളെ മിസ് ചെയ്യാൻ പോകുന്നു !!., വാർണർ കുറിച്ചു.