മുംബൈ :ഐപിഎല്‍ ചരിത്രത്തിലെ ആയിരാമത് മത്സരത്തില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തെടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി മറ്റ് ബാറ്റര്‍മാര്‍ കളിമറന്നപ്പോള്‍ മറുവശത്ത് നിലയുറപ്പിച്ച ജയ്‌സ്വാള്‍ റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. തുടക്കം മുതല്‍ തകര്‍ത്തടിച്ച ജയ്‌സ്വാള്‍ 62 പന്തില്‍ 124 റണ്‍സ് നേടിയാണ് മടങ്ങിയത്.
വാങ്കഡേയില്‍ 16 ഫോറുകളുടെയും 8 സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു ജയ്‌സ്വാള്‍ തന്‍റെ ഐപിഎല്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ പ്രകടനത്തോടെ ഐപിഎല്‍ പതിനാറാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനും യശസ്വി ജയ്‌സ്വാളിനായി. 9 മത്സരങ്ങളില്‍ നിന്നായി 428 റണ്‍സാണ് താരം നേടിയത്.
മുംബൈക്കാരനായ ജയ്‌സ്വാളിന്‍റെ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള 124 റണ്‍സ് പ്രകടനം താരത്തെ ഒരു നേട്ടത്തിലേക്കും എത്തിച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാനായി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ ജോസ് ബട്‌ലറിനൊപ്പമാണ് ജയ്‌സ്വാളും സ്ഥാനം പിടിച്ചത്. 2021ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആയിരുന്നു ബട്‌ലര്‍ രാജസ്ഥാന്‍ ജഴ്‌സിയില്‍ 124 റണ്‍സ് നേടിയത്.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന്‍റെ തുടക്കം മുതല്‍ തകര്‍ത്തടിച്ചത് ജയ്‌സ്വാള്‍ ആണ്. തന്‍റെ സഹ ഓപ്പണര്‍ ജോസ് ബട്‌ലര്‍ താളം കണ്ടെത്താന്‍ വിഷമിച്ച സമയങ്ങളില്‍പ്പോലും ജയ്‌സ്വാള്‍ മറുവശത്ത് നിന്നും അനായാസം രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തി. പവര്‍പ്ലേയില്‍ റോയല്‍സ് സ്‌കോര്‍ ബോര്‍ഡിലേക്കെത്തിയ 65 റണ്‍സില്‍ 41 റണ്‍സും പിറന്നത് ജയ്‌സ്വാളിന്‍റെ ബാറ്റില്‍ നിന്നാണ്.