മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16ാം സീസണില്‍ നിരാശാജനകമായ പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നടത്തുന്നത്. കാര്‍ അപകടത്തില്‍പ്പെട്ട് സീസണ്‍ നഷ്‌ടമായ റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ക്ക് കീഴിലിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് കളിച്ച മൂന്ന് മത്സരങ്ങളിലും ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. വമ്പന്മാരുടെ നിരയാണെങ്കിലും പലപ്പോഴും ഒരു പോരാട്ടം നടത്താനാവാതെയായിരുന്നു ഡല്‍ഹിയുടെ കീഴടങ്ങല്‍.
ബാറ്റിങ് നിരയില്‍ ആരും കാര്യമായ പ്രകടനം നടത്തുന്നില്ലെന്നത് ഡല്‍ഹിയെ സംബന്ധിച്ച് പ്രധാന ആശങ്കയാണ്. ഓപ്പണായി ഇറങ്ങുന്ന ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍സ് നേടുന്നുണ്ടെങ്കിലും ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്നത് ടീമിനെ പ്രതിരോധത്തിലാക്കുന്നതാണ്. ഇപ്പോഴിതാ താരത്തിന്‍റെ ഈ ബാറ്റിങ് രീതിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടേയും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെയും മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്.
ഐപിഎല്ലിനായി വരരുത് : ബാറ്റിങ് ശൈലി ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വാര്‍ണര്‍ ഇനി ഐപിഎല്ലിനായി എത്തരുതെന്നാണ് സെവാഗ് പറഞ്ഞിരിക്കുന്നത്. "വാര്‍ണറോട് ഇക്കാര്യം പറയേണ്ട സമയമാണിതെന്നാണ് എനിക്ക് തോന്നുന്നത്. വാര്‍ണര്‍ ഇത് കേള്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ഫീല്‍ ചെയ്യുമെന്നും അറിയാം.
പക്ഷേ, ഡേവിഡ് നിങ്ങളിത് കേള്‍ക്കുന്നുണ്ടെങ്കില്‍, ദയവായി നന്നായി കളിക്കൂ. 25 പന്തില്‍ 50 റണ്‍സെങ്കിലും നേടാന്‍ ശ്രമിക്കൂ. ബാറ്റിങ്ങില്‍ യശ്വസി ജയ്‌സ്വാളില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കൂ.
25 പന്തുകളില്‍ ഇത്രയും റണ്‍സ് നേടാന്‍ അവന് സാധിക്കുന്നുണ്ട്. നിങ്ങള്‍ക്കതിന് കഴിയുന്നില്ലെങ്കില്‍ ഐപിഎല്ലില്‍ കളിക്കാതിരിക്കുന്നതാണ് നല്ലത്" - സെവാഗ് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു.