ബെംഗളൂരൂ :ആദ്യ അഞ്ച് മത്സരങ്ങള്‍ പിന്നിട്ടിട്ടും ഐപിഎല്ലില്‍ ഒരു ജയം പോലും സ്വന്തമാക്കാനാകാതെ വിഷമിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണിലെ ആദ്യ മത്സരം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് തോറ്റ് തുടങ്ങിയ അവര്‍ക്ക് പിന്നീടുള്ള നാല് മത്സരങ്ങളിലും വിധി മാറ്റിയെഴുതാനായില്ല. ഇന്നലെ ചിന്നസ്വാമിയില്‍ ആര്‍സിബിയെ നേരിടാനിറങ്ങിയപ്പോഴും തോല്‍വി തന്നെയായിരുന്നു ഫലം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 175 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ വച്ചത്. അത് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കാകട്ടെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 151 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ടീം തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ് ഇതിന്‍റെ ഉത്തരവാദിത്തം എറ്റെടുക്കണമെന്ന അഭിപ്രായവുമായി മുന്‍ ഡല്‍ഹി താരം കൂടിയായ വിരേന്ദര്‍ സെവാഗ് രംഗത്തെത്തി.
'ഒരു മത്സരം തോറ്റാല്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ആ ടീമിന്‍റെ പരിശീലകന്‍ കൂടിയാണ്. പോണ്ടിങ് മികച്ച രീതിയില്‍ ഡല്‍ഹിയെ വിജയങ്ങളിലെത്തിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് കീഴിലായിരുന്നു ഐപിഎല്‍ ഫൈനല്‍ പോലും അവര്‍ കളിച്ചത്.
തുടര്‍ച്ചയായ സീസണുകളില്‍ പ്ലേ ഓഫില്‍ പോലും ഡല്‍ഹി കടന്നിട്ടുണ്ട്. അതിന്‍റെയെല്ലാം ക്രെഡിറ്റ് റിക്കി പോണ്ടിങ്ങിനായിരുന്നു. അതുപോലെ തന്നെയാണ് ഇതും, തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്തവും അദ്ദേഹം തന്നെ ഏറ്റെടുക്കേണ്ടതുണ്ട്' - ക്രിക്‌ബസ് ഷോയില്‍ സെവാഗ് അഭിപ്രായപ്പെട്ടു.