ബെംഗളൂരു:ഐപിഎല്‍ പതിനാറാം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 21 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍വി ഏറ്റുവാങ്ങിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബിയുടെ പോരാട്ടം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 179 ല്‍ അവസാനിച്ചു. വിരാട് കോലി, മഹിപാല്‍ ലോംറോര്‍ എന്നിവരൊഴികെ മറ്റാര്‍ക്കും ആര്‍സിബി നിരയില്‍ തിളങ്ങാനായില്ല.
ലീഗില്‍ ആര്‍സിബിയുടെ നാലാം തോല്‍വിയാണ് ഇത്. എട്ട് പോയിന്‍റുമായി നിലവില്‍ ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ടീം. കൊല്‍ക്കത്തയ്‌ക്കെതിരായ തോല്‍വിക്ക് തങ്ങള്‍ അര്‍ഹരാണെന്ന് മത്സരശേഷം ആര്‍സിബിയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്‌റ്റന്‍ വിരാട് കോലി പറഞ്ഞു.
'ഞങ്ങള്‍ മത്സരം അവര്‍ക്ക് കൈമാറുകയായിരുന്നു. ഫീല്‍ഡില്‍ ഞങ്ങള്‍ ഇന്ന് പ്രൊഫഷണലായിരുന്നില്ല. അതുകൊണ്ട് തന്നെ തോല്‍ക്കാന്‍ ഞങ്ങള്‍ അര്‍ഹരാണ്. കൃത്യതയോടെ തന്നെ ബോളര്‍മാര്‍ പന്തെറിഞ്ഞിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ മുതലാക്കാനായില്ല. ഈ മത്സരത്തില്‍ ഞങ്ങളുടെ നിലവാരത്തിലേക്ക് ഉയരാന്‍ കഴിഞ്ഞിരുന്നില്ല.
ഫീല്‍ഡില്‍ ലഭിച്ച അസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ പോയ നിരവധി സന്ദര്‍ഭങ്ങളുണ്ടായി. 4-5 ഓവറുകളില്‍ ഞങ്ങള്‍ അവസരം നഷ്‌ടപ്പെടുത്തുകയും അധികമായി 25-30 റണ്‍സ് വിട്ടുനല്‍കുകയും ചെയ്‌തു' -പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ വിരാട് കോലി പറഞ്ഞു.
Also Read:IPL 2023| ലജ്ജ തോന്നുന്നു; 'ബെല്‍ജിയം കഥ'യ്‌ക്കെതിരെ തുറന്നടിച്ച് ജോഫ്ര ആര്‍ച്ചര്‍
കൊല്‍ക്കത്തന്‍ സ്‌കോര്‍ അതിവേഗം ഉയര്‍ത്തിയ നായകന്‍ നിതീഷ് റാണ മത്സരത്തില്‍ രണ്ട് പ്രാവശ്യം പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. 13, 15 ഓവറുകളിലാണ് റാണയെ പുറത്താക്കാന്‍ ലഭിച്ച അവസരങ്ങള്‍ ആര്‍സിബി ഫീല്‍ഡര്‍മാര്‍ നഷ്‌ടപ്പെടുത്തിയത്. റാണ അഞ്ച് റണ്‍സ് മാത്രം നേടി നില്‍ക്കവെ വൈശാഖ് വിജയകുമാറിന്‍റെ ഓവറില്‍ മുഹമ്മദ് സിറാജാണ് ആദ്യം അവസരം നഷ്‌ടപ്പെടുത്തിയത്.
പിന്നീട് രണ്ടോവറിന് ശേഷം മുഹമ്മദ് സിറാജ് എറിയാനെത്തിയ 15-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലും റാണയെ വിട്ടുകളഞ്ഞു. ഈ സമയം 12 പന്തില്‍ 19 ആയിരുന്നു കൊല്‍ക്കത്തന്‍ നായകന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്.
പിന്നീട് തകര്‍ത്തടിച്ച നിതീഷ് റാണ 21 പന്തില്‍ 48 റണ്‍സ് നേടിയാണ് പുറത്തായത്. വാനിന്ദു ഹസരംഗയുടെ ഓവറില്‍ വൈശാഖ് വിജയകുമാറിന്‍റെ ക്യാച്ചിലൂടെ കെകെആര്‍ നായകന്‍ പുറത്താകുകയായിരുന്നു. റാണയുടെ രണ്ടാമത്തെ ക്യാച്ച് നഷ്‌ടപ്പെടുത്തിയ ആര്‍സിബി അവസാന നാലോവറില്‍ 50 റണ്‍സ് വഴങ്ങിയതോടെ കൊല്‍ക്കത്ത 200 റണ്‍സിലേക്കെത്തി.
മറുപടി ബാറ്റിങ്ങില്‍ ഫാഫ് ഡുപ്ലെസിസ്, ഷെഹ്‌ബാസ് അഹമ്മദ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെ പവര്‍പ്ലേയില്‍ തന്നെ നഷ്‌ടമായി. പിന്നാലെ ക്രീസിലൊന്നിച്ച വിരാട് കോലി മഹിപാല്‍ ലോംറോര്‍ എന്നിവരുടെ കൂട്ടുകെട്ട് ടീമിന് വിജയ പ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ ലോംറോര്‍ (34) വിരാട് കോലി (54) എന്നിവരെ അടുത്തതടുത്ത ഓവറുകളില്‍ പുറത്താക്കി കെകെആര്‍ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
More Read:IPL 2023| കോലി വീണു, പിന്നാലെ ബാംഗ്ലൂരും; കൊൽക്കത്തയ്ക്ക് 21 റൺസിൻ്റെ തകർപ്പൻ ജയം