ബെംഗളൂരു:ഐപിഎല്ലില്‍ തുടര്‍ച്ചയായ നാല് തോല്‍വി വഴങ്ങിയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ടാം മത്സരത്തിനായി ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയത്. ബാറ്റര്‍മാരും ബോളര്‍മാരും ഒത്തിണക്കത്തോടെ കളിച്ചപ്പോള്‍ ആവര്‍ക്ക് ആതിഥേയര്‍ക്കെതിരെ മിന്നും ജയം സ്വന്തമാക്കാനായി. സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കെകെആറിന്‍റെ രണ്ടാം ജയമാണിത്.
രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌തായിരുന്നു കൊല്‍ക്കത്ത ജയം നേടിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ 81 റണ്‍സിനും ചിന്നസ്വാമിയില്‍ 21 റണ്‍സിനുമാണ് കൊല്‍ക്കത്ത ആര്‍സിബിയെ വീഴ്‌ത്തിയത്. രണ്ട് മത്സരങ്ങളിലും കെകെആറിനായി നിര്‍ണായകമായ പ്രകടനം നടത്തിയത് സ്‌പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും യുവ താരം സുയഷ് ശര്‍മയുമാണ്.
ചിന്നസ്വാമിയില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയരായ ബാംഗ്ലൂരിന് ഫാഫ് ഡുപ്ലെസിസും വിരാട് കോലിയും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് സമ്മാനിച്ചത്. കൊല്‍ക്കത്തന്‍ പേസര്‍മാരായ വൈഭവ് അറോറയും ഉമേഷ് യാദവും എറിഞ്ഞ ആദ്യ രണ്ട് ഓവറില്‍ നിന്നും ആര്‍സിബി ഓപ്പണര്‍മാര്‍ 30 റണ്‍സ് അടിച്ചെടുത്തു. ഇതോടെ കൊല്‍ക്കത്തന്‍ നായകന്‍ നിതീഷ് റാണ മൂന്നാം ഓവറില്‍ തന്നെ സ്‌പിന്നര്‍മാരെ കൊണ്ട് വരാന്‍ നിര്‍ബന്ധിതനായി.
ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി എന്നിവര്‍ ക്രീസില്‍ നില്‍ക്കെ മൂന്നാം ഓവര്‍ കൊല്‍ക്കത്തയ്‌ക്കായി പന്തെറിയാനെത്തിയത് സുയഷ് ശര്‍മയാണ്. ആദ്യ ഓവറിന്‍റെ രണ്ടാം പന്തില്‍ തന്നെ ഡുപ്ലെസിസിനെ വീഴ്‌ത്തി സന്ദര്‍ശകര്‍ക്ക് സുയഷ് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ ക്രീസിലെത്തിയ ഷെഹ്‌ബാസ് അഹമ്മദിനെയും വിക്കറ്റിന് മുന്നില്‍ കുരുക്കാന്‍ സുയഷിനായി.
അഞ്ചാം ഓവറിലായിരുന്നു ഷെഹ്‌ബാസ് പുറത്തായത്. തൊട്ടടുത്ത ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ വിക്കറ്റും ആര്‍സിബിക്ക് നഷ്‌ടമായി. ഇക്കുറി വരുണ്‍ ചക്രവര്‍ത്തിയായിരുന്നു കൊല്‍ക്കത്തയുടെ രക്ഷക്കെത്തിയത്.