ഹൈദരാബാദ്:റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് വമ്പന്‍ തോല്‍വി വഴങ്ങിയതോടെ ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്നലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ 112 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിയതോടെയാണ് സഞ്‌ജുവും സംഘവും ആറാം സ്ഥാനത്തേക്ക് എത്തിയത്. ഈ തോല്‍വി നെറ്റ് റണ്‍റേറ്റിനെയും കാര്യമായി ബാധിച്ചതോടെ ടീമിന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ക്കും മങ്ങലേറ്റിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാന് നിലവില്‍ 13 കളികളില്‍ നിന്നും 12 പോയിന്‍റാണ് ഉള്ളത്. ശേഷിക്കുന്ന ഒരു മത്സരത്തില്‍ വമ്പന്‍ ജയം നേടിയാലും അത്ഭുതങ്ങള്‍ സംഭവിച്ചാലെ രാജസ്ഥാന് ഇനിയൊരു മുന്നേറ്റം സാധ്യമാകൂ. പഞ്ചാബ് കിങ്‌സിനോടാണ് ഇനി രാജസ്ഥാന്‍ പോരടിക്കാനുള്ളത്.
രാജസ്ഥാനെ വീഴ്‌ത്തിയതോടെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഞ്ചാമതേക്ക് എത്തി. റോയല്‍സിനെതിരായ കൂറ്റന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും ആര്‍സിബിക്ക് സാധിച്ചു. 12 മത്സരങ്ങളില്‍ 12 പോയിന്‍റുള്ള ആര്‍സിബി +0.166 റണ്‍റേറ്റിന്‍റെ കരുത്തിലാണ് അഞ്ചാം സ്ഥാനം പിടിച്ചിരിക്കുന്നത്.
പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ വീഴ്‌ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 7-ാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റാണ് നിലവില്‍ കൊല്‍ക്കത്തയ്‌ക്കുള്ളത്. അതേസമയം കൊല്‍ക്കത്തയോടെ തോല്‍വി വഴങ്ങിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും തങ്ങളുടെ അവസാന മത്സരം നിര്‍ണായകമായിട്ടുണ്ട്.