മുംബൈ :ഹാരി ബ്രൂക്കിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണില്‍ തങ്ങളുടെ രണ്ടാം ജയമാണ് സ്വന്തമാക്കിയത്. കൊല്‍ക്കത്തയെ വീഴ്‌ത്തിയതോടെ പോയിന്‍റ് പട്ടികയില്‍ 9-ാം സ്ഥാനക്കാരായിരുന്ന അവര്‍ ഏഴാം സ്ഥാനത്തേക്ക് മുന്നേറി. നിലവില്‍ നാല് പോയിന്‍റാണ് ഹൈദരാബാദിനുള്ളത്.
ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഇതുവരെ 19 മത്സരങ്ങളാണ് പൂര്‍ത്തിയായത്. ടൂര്‍ണമെന്‍റ് രണ്ടാഴ്‌ച പിന്നിടുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നാല് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റാണ് രാജസ്ഥാനുള്ളത്.
രാജസ്ഥാനൊപ്പം മറ്റ് രണ്ട് ടീമുകള്‍ക്കും ആറ് പോയിന്‍റുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റാണ് സഞ്‌ജുവിനും സംഘത്തിനും തുണയായത്. മൂന്ന് ജയമുള്ള രാജസ്ഥാന്‍റെ നെറ്റ് റണ്‍റേറ്റ് നിലവില്‍ +1.588 ആണ്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍.
ആറ് പോയിന്‍റുള്ള ലഖ്‌നൗവിന്‍റെ നെറ്റ് റണ്‍റേറ്റ് +1.048 ആണ്. ഇന്ന് പഞ്ചാബിനെതിരെ നടക്കുന്ന മത്സരം വിജയിച്ചാല്‍ ലഖ്‌നൗവിന് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാം. നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയമുള്ള നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് നിലവില്‍ പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍.
+0.348 ആണ് ഹാര്‍ദിക് പാണ്ഡ്യയുടെയും സംഘത്തിന്‍റെയും നെറ്റ് റണ്‍റേറ്റ്. നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്‌ക്ക് നാല് പോയിന്‍റാണുള്ളത്. രണ്ട് മത്സരങ്ങളില്‍ ജയം പിടിച്ച ടീം രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടിരുന്നു.
ALSO READ:IPL 2023 | 'ആരാധകര്‍ അംഗീകരിക്കില്ലായിരിക്കാം, പക്ഷേ ഇതായിരിക്കും എംഎസ് ധോണിയുടെ അവസാന ഐപിഎല്‍' ; പ്രവചനവുമായി ചെന്നൈ മുന്‍ താരം
+0.711 ആണ് കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ്. അഞ്ചാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സും ആറാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ചെന്നൈക്ക് +0.225 പഞ്ചാബിന് -0.226ഉം ആണ് നെറ്റ് റണ്‍റേറ്റ്.
ഇരു ടീമിനും നാല് പോയിന്‍റ് വീതമാണുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് പോയിന്‍റ് പട്ടികയിലെ എട്ടാം സ്ഥാനക്കാര്‍. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമാണ് ഫാഫ് ഡുപ്ലെസിസിനും സംഘത്തിനും ഇതുവരെ നേടാനായത്.
രണ്ട് പോയിന്‍റുള്ള ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് -0.800 ആണ്. ഇന്നത്തെ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാല്‍ ബാംഗ്ലൂരിന് പോയിന്‍റ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താം. രണ്ട് പോയിന്‍റുള്ള മുംബൈ ഇന്ത്യന്‍സാണ് നിലവില്‍ പോയിന്‍റ് പട്ടികയിലെ 9-ാം സ്ഥാനക്കാര്‍.
ALSO READ:IPL 2023 | ഇനിയെങ്കിലും കരകയറണം ; ആദ്യ ജയം തേടി ഡല്‍ഹിയും തോല്‍വികള്‍ മറക്കാന്‍ ആര്‍സിബിയും ഇന്ന് ചിന്നസ്വാമിയില്‍
മൂന്ന് മത്സരങ്ങളാണ് മുംബൈ ഇന്ത്യന്‍സ് കളിച്ചത്. അതില്‍ ഒന്നില്‍ മാത്രം ജയിച്ച അവരുടെ നെറ്റ് റണ്‍റേറ്റ് -0.879 ആണ്. നാല് മത്സരം കളിച്ചിട്ടും ജയമൊന്നും നേടാനാകാത്ത ഡല്‍ഹി ക്യാപിറ്റല്‍സാണ് പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.
-1.576 ആണ് നിലവില്‍ ഡല്‍ഹിയുടെ നെറ്റ് റണ്‍ റേറ്റ്. ഇന്ന് ഡല്‍ഹിക്ക് മത്സരമുണ്ട്. ഇന്ന് ആര്‍സിബിയെ വീഴ്ത്തി അക്കൗണ്ട് തുറക്കുകയാകും അവരുടെ ലക്ഷ്യം.