കേരളം

kerala

ETV Bharat / sports

IPL 2023 | ഇനിയും തോറ്റാല്‍ 'പണി പാളും' ; നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദിനെ നേരിടാന്‍ രാജസ്ഥാന്‍ റോയല്‍സ് - സഞ്‌ജു സാംസണ്‍

ഐപിഎല്‍ സീസണിന്‍റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ പിന്നീട് നിറം മങ്ങിയ പ്രകടനമാണ് ടീം പുറത്തെടുത്തത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സഞ്‌ജുവും സംഘവും ജയിച്ചത്.

sports  IPL 2023  Rajasthan Royals  Sunrisers Hyderabad  RR vs SRH  rr vs srh match preview  IPL  Sanju Samson  ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  സഞ്‌ജു സാംസണ്‍  രാജസ്ഥാന്‍ ഹൈദരാബാദ്
IPL

By

Published : May 7, 2023, 12:05 PM IST

ജയ്‌പൂര്‍ :ഐപിഎല്ലില്‍ വിജയവഴിയിലേക്ക് തിരികെയെത്താന്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഇറങ്ങും. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവായ്‌മാന്‍സിങ് സ്റ്റേഡിയത്തില്‍ രാത്രി ഏഴര മുതലാണ് മത്സരം. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്.

പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് നിലവിലെ നാലാം സ്ഥാനക്കാരാണ്. 10 കളികളില്‍ നിന്ന് പത്ത് പോയിന്‍റാണ് സഞ്‌ജുവിനും സംഘത്തിനുമുള്ളത്. അവസാന സ്ഥാനക്കാരായ ഹൈദരാബാദിന് 9 മത്സരങ്ങളില്‍ നിന്ന് 6 പോയിന്‍റ് മാത്രമാണുള്ളത്.

ഇന്ന് തോറ്റാല്‍ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിക്കും. ഇരുടീമുകളും നേരത്തെ ഹൈദരാബാദിന്‍റെ ഹോം സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ തമ്മിലേറ്റുമുട്ടിയിരുന്നു. അന്ന് രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു ജയം.

രാജസ്ഥാന് ജീവന്‍ മരണപ്പോരാട്ടം :തകര്‍പ്പന്‍ തുടക്കമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ലഭിച്ചത്. ആദ്യം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും സഞ്‌ജുവും സംഘവും ജയം പിടിച്ചു. എന്നാല്‍ രണ്ടാം പകുതിയിലേക്ക് മത്സരങ്ങള്‍ നീങ്ങിയതോടെ ടീമിന് കാലിടറി.

അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് റോയല്‍സിന് നേടാനായത്. ഇനിയൊരു തോല്‍വി രാജസ്ഥാന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ക്കും മങ്ങലേല്‍പ്പിക്കും. അതുകൊണ്ട് തന്നെ ജയം മാത്രമായിരിക്കും സഞ്‌ജുവിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.

ജോസ്‌ ബട്‌ലര്‍, ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണ്‍ എന്നിവരുടെ ഫോം ഔട്ടാണ് രാജസ്ഥാന് തിരിച്ചടിയായത്. ടീം സെലക്ഷനിലും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളേറെയാണ്. ഇന്ന് ഹൈദരാബാദിനെതിരായ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോഴും യശസ്വി ജയ്‌സ്വാളിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷ.

ബാറ്റിങ്ങില്‍ ടീം നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ജോ റൂട്ടിന് അവസരം നല്‍കണമെന്ന വാദങ്ങളും ഉയരുന്നുണ്ട്. ജോ റൂട്ടിനെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവസാന മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ആദം സാംപയ്‌ക്ക് ടീമിലെ സ്ഥാനം നഷ്‌ടമാകും. ബൗളര്‍മാരില്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രകടനം റോയല്‍സിന് നിര്‍ണായകമാണ്.

പകരം വീട്ടാന്‍ ഹൈദരാബാദ് :ടോപ് ഓര്‍ഡര്‍ മുതലുള്ള ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഇക്കുറി തിരിച്ചടിയായത്. മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി എന്നീ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികവ് കാട്ടാനായിട്ടില്ല. 13.25 കോടി മുടക്കി ടീമിലെത്തിച്ച ഹാരി ബ്രൂക്കും നിരാശപ്പെടുത്തി.

Also Read :IPL 2023 | പാണ്ഡ്യ സഹോദരങ്ങള്‍ നേര്‍ക്കുനേര്‍ ; അഹമ്മദാബാദില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം

ഹാരി ബ്രൂക്കിന് പകരം ഗ്ലെന്‍ ഫിലിപ്‌സ് ടീമിലെത്തിയാലും അത്ഭുതപ്പെടാനില്ല. നായകന്‍ എയ്‌ഡന്‍ മാര്‍ക്രവും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെൻറിച്ച് ക്ലാസനും മാത്രമാണ് പേരിനെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. ഭുവനേശ്വര്‍ കുമാറിന് പിന്നില്‍ അണിനിരക്കുന്ന ബൗളിങ് നിര മെച്ചപ്പെട്ട പ്രകടനമാണ് കാഴ്‌ചവയ്ക്കു‌ന്നത്.

പിച്ച് റിപ്പോര്‍ട്ട് : ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ജയ്‌പൂര്‍ സവായ്‌മാന്‍സിങ് സ്റ്റേഡിയത്തിലേത്. റണ്‍സ് പിന്തുടരുന്ന ടീമുകള്‍ക്ക് ഇവിടെ മികച്ച റെക്കോഡാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ ടോസ് നേടുന്ന ടീം ആദ്യം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

ABOUT THE AUTHOR

...view details