ജയ്‌പൂർ : ഐപിഎൽ പോയിന്‍റ് പട്ടികയിലെ ആദ്യ നാലിൽ മടങ്ങിയെത്താൻ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നു. പ്ലേഓഫ് സ്വപ്‌നങ്ങൾ നിലനിർത്താൻ എത്തുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആണ് സഞ്ജുവിനും സംഘത്തിനും ഇന്ന് എതിരാളികൾ. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവായ്‌മാൻസിങ് സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം.
അവസാനമത്സരത്തിൽ കൊൽക്കത്തയെ വീഴ്ത്തിയ രാജസ്ഥാൻ തുടർജയം തേടിയാണ് ഹോം ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. മറുവശത്ത് അവസാന രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വരവ്. പ്ലേഓഫിൽ ഇടം പിടിക്കാൻ ഇരു ടീമുകള്‍ക്കും ശേഷിക്കുന്ന മത്സരങ്ങളെല്ലാം നിർണായകമാണ്.
12 കളികളിൽ 12 പോയിന്‍റോടെ നിലവിൽ അഞ്ചാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസിന് ഇന്ന് ആർസിബിയെ വീഴ്ത്തിയാൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്താം. മറിച്ച് രാജസ്ഥാനെ തകർത്താൽ ഒരുസ്ഥാനം മെച്ചപ്പെടുത്തി ബാംഗ്ലൂരിന് ആറാം സ്ഥാനം പിടിക്കാം.
ജയ്‌സ്വാളില്‍ കണ്ണുംനട്ട് :തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അതിവേഗം ജയം പിടിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ്. ഓപ്പണർമാരായ യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്‍ നിരയില്‍ ഇന്നും ശ്രദ്ധാകേന്ദ്രം. അവസാന മത്സരത്തിലെ തകര്‍പ്പനടികള്‍ താരം ഇന്നും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നിര്‍ഭാഗ്യം കൊണ്ട് അവസാന മത്സരത്തില്‍ അക്കൗണ്ട് തുറക്കും മുന്‍പ് പുറത്തായെങ്കിലും ജോസ് ബട്‌ലര്‍ റണ്‍സ് അടിക്കുന്നതും ടീമിന് ആശ്വാസമാണ്. നായകന്‍ സഞ്‌ജു സാംസണും ഫോമിലാണ്.
അവസാന രണ്ട് മത്സരങ്ങളിലും രാജസ്ഥാന്‍ നായകന്‍റെ ബാറ്റില്‍ നിന്ന് റണ്‍സ് ഒഴുകിയിരുന്നു. ഇന്ന് ബാംഗ്ലൂരിനെതിരായ ജീവന്‍മരണപ്പോരിന് ഇറങ്ങുമ്പോള്‍ അവസാന മത്സരങ്ങളിലെ പ്രകടനം സഞ്‌ജു ആവര്‍ത്തിച്ചാല്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാകും.