ജയ്‌പൂര്‍:ഐപിഎല്‍ പതിനാറാം പതിപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും ഇന്നിറങ്ങും. റോയല്‍സിന്‍റെ ഹോംഗ്രൗണ്ടായ ജയ്‌പൂര്‍ സവായ്‌മാന്‍സിങ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. സീസണില്‍ ഇത് രണ്ടാം തവണയാണ് സഞ്‌ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയും നേതൃത്വം നല്‍കുന്ന ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത്.
ആദ്യം അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു ജയം. അന്ന് അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ മൂന്ന് വിക്കറ്റിനാണ് സഞ്‌ജുവും സംഘവും ജയം പിടിച്ചത്. ഇന്ന് ജയ്‌പൂരില്‍ ഇതിന്‍റെ കണക്ക് തീര്‍ക്കാന്‍ കൂടിയാണ് ഹാര്‍ദിക്കിന്‍റെയും സംഘത്തിന്‍റെയും വരവ്.
ഇരു ടീമും അവസാന മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടാണ് ഗുജറാത്ത് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഗുജറാത്ത് ഒന്നാമതും രാജസ്ഥാന്‍ നാലാം സ്ഥാനത്തുമാണ്.
പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ റോയല്‍സ് :മുംബൈക്കെതിരെ വമ്പന്‍ സ്‌കോര്‍ പ്രതിരോധിക്കാനാകാതെ പരാജയപ്പെട്ടതിന്‍റെ ആശങ്കയിലാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് ഗുജറാത്തിനെ വീഴ്‌ത്തി ഈ നിരാശ മാറ്റി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനാകും ടീമിന്‍റെ ശ്രമം. യശ്വസി ജയ്‌സ്വാളിന്‍റെ ഫോം ടീമിന് പ്രതീക്ഷയാണ്.
എന്നാല്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ സഞ്‌ജു സാംസണ്‍ എന്നിവരുടെ സ്ഥിരതയില്ലായ്‌മ ടീമിന് തലവേദനയാണ്. ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിന്‍റെ നിറം മങ്ങിയ പ്രകടനം തിരിച്ചടിയാണ്. ഹോള്‍ഡറിന് പകരം ഇന്ന് ആദം സാംപ ടീമിലേക്ക് എത്താനും സാധ്യതയുണ്ട്.