ബാംഗ്ലൂര്‍ :ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് ഉറപ്പിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നിറങ്ങും. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് ആര്‍സിബിയുടെ എതിരാളികള്‍. ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴര മുതലാണ് മത്സരം ആരംഭിക്കുന്നത്.
14 പോയിന്‍റുള്ള ബാംഗ്ലൂരിന് ഇന്ന് ജയിച്ചാല്‍ കണക്ക് കൂട്ടലുകളൊന്നും തന്നെയില്ലാതെ പ്ലേഓഫ് ഉറപ്പിക്കാനാകും. നിലവിലെ നാലാം സ്ഥാനക്കാരാണ് ബാംഗ്ലൂര്‍. അതേസമയം, സീസണിലെ അവസാന മത്സരവും ജയിച്ച് പ്ലേഓഫ് പോരാട്ടത്തിന് മുന്‍പ് ആത്മവിശ്വാസം കൂട്ടാനാണ് ഹാര്‍ദിക് പാണ്ഡ്യയുടെയും സംഘത്തിന്‍റെയും വരവ്.
ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന ആദ്യത്തെ മത്സരമാണിത്. കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും രണ്ട് മത്സരങ്ങളിലാണ് പോരടിച്ചത്. അന്ന് ഓരോജയം വീതം സ്വന്തമാക്കാന്‍ ഇരുകൂട്ടര്‍ക്കുമായി.
നിലനില്‍പ്പിനായി ആര്‍സിബി :റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഇന്ന് ജീവന്‍മരണപ്പോരാട്ടമാണ്. ഗുജറാത്തിനെതിരെ തോല്‍ക്കുകയാണെങ്കില്‍ പ്ലേഓഫ് കാണാതെ ഫാഫ് ഡുപ്ലെസിസിനും സംഘത്തിനും ഒരുപക്ഷേ മടങ്ങേണ്ടി വരും. ഗുജറാത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ കെജിഎഫ് ബാറ്റിങ് ത്രയത്തിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷ.
ഓപ്പണര്‍മാരായ നായകന്‍ ഫാഫ് ഡുപ്ലെസിസും വിരാട് കോലിയും നല്‍കുന്ന തുടക്കമായിരിക്കും ടീമിന്‍റെ ഭാവി നിര്‍ണയിക്കുന്നത്. പിന്നാലെയെത്തുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ പ്രകടനവും നിര്‍ണായകമാണ്. മധ്യനിരയില്‍ ചില താരങ്ങള്‍ മികവ് കാണിക്കുന്നുണ്ടെങ്കിലും ആരും സ്ഥിരത പുലര്‍ത്താത്തത് ടീമിന് തലവേദനയാണ്.