മൊഹാലി:ഐപിഎല്‍ പതിനാറാം പതിപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കെഎല്‍ രാഹുലും സംഘവും ഇന്നിറങ്ങും. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരാളികള്‍. രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
ഈ സീസണില്‍ പഞ്ചാബ്-ലഖ്‌നൗ ടീമുകള്‍ ഏറ്റുമുട്ടാന്‍ പോകുന്ന രണ്ടാമത്തെ മത്സരമാണിത്. അന്ന് ലഖ്‌നൗവിന്‍റെ തട്ടകത്തില്‍ അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരിനൊടുവില്‍ പഞ്ചാബ് ജയം പിടിക്കുകയായിരുന്നു. മൊഹാലിയില്‍ ഇന്ന് ആ തോല്‍വിക്ക് പകരം വീട്ടി വിജയവഴിയില്‍ തിരിച്ചെത്താന്‍ കൂടിയാണ് സൂപ്പര്‍ ജയന്‍റ്‌സിന്‍റെ വരവ്.
ധവാന്‍റെയും റബാഡയുടെയും മടങ്ങിവരവ് കാത്ത്:പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ്. ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗവിനെ വീഴ്‌ത്തിയാല്‍ ആദ്യ നാലിലേക്ക് അവര്‍ക്ക് മുന്നേറാം. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസം പഞ്ചാബ് കിങ്‌സിനുണ്ട്.
മുംബൈ ബാറ്റിങ് നിരയുടെ വെല്ലുവിളികള്‍ അതിജീവിച്ച് അവസാന ഓവറിലായിരുന്നു പഞ്ചാബ് ജയം പിടിച്ചത്. ഇന്നും കരുത്തുറ്റ ബാറ്റിങ്ങ് നിരയുള്ള ടീമാണ് അവര്‍ക്ക് എതിരാളികള്‍. അര്‍ഷ്‌ദീപ് സിങ്, നാഥന്‍ എല്ലിസ് എന്നിവരില്‍ തന്നെയാകും ലഖ്‌നൗവിനെ നേരിടാനിറങ്ങുന്ന പഞ്ചാബിന്‍റെ ബൗളിങ് പ്രതീക്ഷ.
എന്നാല്‍ പരിക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡ തിരിച്ചെത്തിയാല്‍ എല്ലിസ് ഇംപാക്‌ട് പ്ലെയറായി ആകും ടീമിലേക്കെത്തുക. പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ ഇന്ന് ടീമിലേക്ക് മടങ്ങിയെത്താനാണ് സാധ്യത. ധവാന്‍ തിരിച്ചെത്തിയാല്‍ ടീമിന്‍റെ ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടേക്കാം.