മുംബൈ:ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിക്കാന്‍ ഗുജറാത്തും പ്ലേഓഫിനായി പോരാടുന്ന മുംബൈയും മുഖാമുഖം വരുമ്പോള്‍ തീപാറും പോരാട്ടം പ്രതീക്ഷിക്കാം.
പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചാണ് ഹാര്‍ദിക്കിന് കീഴില്‍ മുംബൈയെ നേരിടാന്‍ ഗുജറാത്തിന്‍റെ വരവ്. 11 കളികളില്‍ നിന്നും 16 പോയിന്‍റാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഇപ്പോഴുള്ളത്. മറുവശത്ത് മുംബൈ പ്ലേഓഫില്‍ ഇടം പിടിക്കാന്‍ പോരാടിക്കൊണ്ടിരിക്കുകയാണ്.
11 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റുമായി മുംബൈ നിലവില്‍ നാലാം സ്ഥാനത്താണ്. ഒരു തോല്‍വി പോലും തങ്ങളുടെ പ്ലേഓഫ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കും എന്നുള്ളത് കൊണ്ട് ഇന്ന് രോഹിതിനും സംഘത്തിനും ജീവന്‍മരണ പോരാട്ടം കൂടിയാണ് ഇന്ന് വാങ്കഡെയില്‍.
നേരത്തെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ആതിഥേയരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു ജയം. ഇന്ന് വാങ്കഡെയില്‍ ഈ തോല്‍വിയുടെ കണക്ക് തീര്‍ക്കാന്‍ കൂടിയാണ് രോഹിതും സംഘവും ഇറങ്ങുന്നത്.
തേരോട്ടം തുടരാന്‍ മുംബൈ: ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ പ്ലേഓഫ് സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു മുംബൈ ഇന്ത്യന്‍സ്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ജയം നേടുന്നതിന് മുന്‍പ് വരെ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു ടീം. എന്നാല്‍ വാങ്കഡെയില്‍ ആര്‍സിബിയെ തകര്‍ത്തതോടെ പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിലേക്ക് എത്താനും മുംബൈക്കായി.
Also Read :'അവനെ തടയണമെങ്കില്‍ പിന്നില്‍ നിന്നും ബാറ്റില്‍ പിടിക്കണം, അല്ലെങ്കില്‍ കാലുപിടിക്കേണ്ടിവരും' ; സൂര്യയുടെ മിന്നും ഫോമില്‍ സഹീര്‍ ഖാന്‍
മധ്യനിരയുടെ കരുത്തിലാണ് മുംബൈയുടെ കുതിപ്പ്. സൂര്യകുമാര്‍ യാദവ്, നേഹല്‍ വധേര, തിലക് വര്‍മ്മ, ടിം ഡേവിഡ്, ക്രിസ് ഗ്രീന്‍ എന്നിവരെല്ലാം ഫോമില്‍. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ നല്‍കുന്ന തുടക്കവും ടീമിന്‍റെ കരുത്താണ്.
നായകന്‍ രോഹിത് ശര്‍മ്മ കൂടി മികവിലേക്ക് ഉയര്‍ന്നാല്‍ മുംബൈ ഇന്ത്യന്‍സിനെ പിടിച്ചുകെട്ടാന്‍ എതിരാളികള്‍ക്ക് പ്രയാസമാകും. സ്ഥിരതയില്ലാത്ത ബൗളിങാണ് ടീമിന് തലവേദന. ആര്‍ച്ചര്‍ കൂടി മടങ്ങിയത് ടീമിന്‍റെ ബൗളിങ് ആക്രമണത്തിന്‍റെ മൂര്‍ച്ച കുറച്ചിട്ടുണ്ട്.
കരുത്ത് കാട്ടാന്‍ ഗുജറാത്ത്:നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാണ് പോയിന്‍റ് പട്ടികയുടെ തലപ്പത്ത് ഇടം പിടിച്ചിരിക്കുന്നത്. ശുഭ്‌മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ഗുജറാത്തിന് മികച്ച തുടക്കം നല്‍കുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍ മധ്യനിരയില്‍ കളി ഒറ്റയ്‌ക്ക് വരുതിയിലാക്കാന്‍ കെല്‍പ്പുള്ളവര്‍. രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍ എന്നിവരും ബാറ്റിങ്ങില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ കഴിയുന്നവര്‍.
ബൗളിങ്ങിലും കാര്യമായ ആശങ്കകളൊന്നും ഗുജറാത്തിനില്ല. 11 മത്സരത്തില്‍ നിന്നും 19 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയും, റാഷിദ് ഖാനും മിന്നും ഫോമില്‍. വാങ്കഡെയിലെ റണ്‍ ഒഴുകുന്ന പിച്ചില്‍ ഇവരുടെ പ്രകടനം ടീമിന് നിര്‍ണായകമാണ്.
Also Read :മുംബൈ ഇന്ത്യന്‍സിന്‍റെ ഐപിഎല്‍ കിരീട നേട്ടങ്ങള്‍ക്ക് കാരണം ലോകോത്തര താരങ്ങള്‍, ചെന്നൈയുടേത് പക്ഷേ മറ്റൊന്ന് : ഹാര്‍ദിക് പാണ്ഡ്യ