കൊല്‍ക്കത്ത:ഐപിഎല്‍ പതിനാറാം പതിപ്പിലെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ഏറ്റുമുട്ടും. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. പ്ലേഓഫില്‍ സ്ഥാനം പിടിക്കാന്‍ ഇരുടീമിനും ഇന്ന് ജയം അനിവാര്യമാണ്.
നിലവില്‍ 11 കളിയില്‍ 10 പോയിന്‍റാണ് കൊല്‍ക്കത്തയ്‌ക്കും രാജസ്ഥാനുമുള്ളത്. ഇന്ന് ജയിക്കുന്ന ടീമിന് അവസാന നാലിലെത്താനുള്ള സാധ്യതകള്‍ സജീവമാക്കാം. തോല്‍ക്കുന്നവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലാകും.
പോയിന്‍റ് പട്ടികയിലെ ആറാം സ്ഥാനക്കരായ കൊല്‍ക്കത്ത ഇന്ന് തുടര്‍ച്ചയായ മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്. ടൂർണമെന്‍റിലെ രണ്ടാം പകുതിയിലെ തുടര്‍ തോല്‍വികളില്‍ നിന്നും കരകയറാനാണ് രാജസ്ഥാന്‍റെ ശ്രമം. നിലവില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സഞ്‌ജു സാംസണും സംഘവും.
സീസണില്‍ ഇരു ടീമും തമ്മിലേറ്റുമുട്ടുന്ന ആദ്യത്തെ മത്സരമാണിത്. ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് ടീമുകളും 27 തവണ തമ്മിലേറ്റുമുട്ടിയപ്പോള്‍ 14 എണ്ണത്തില്‍ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് 10 കളികളിലാണ് ജയിച്ചത്.
കുതിച്ചും കിതച്ചും രാജസ്ഥാന്‍:സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലും നാലിലും ജയിച്ച് പോയിന്‍റ് പട്ടികയുടെ തലപ്പത്ത് സ്ഥാനം പിടിച്ചിരുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍, അവസാന ആറ് മത്സരങ്ങളില്‍ നാലിലും സഞ്‌ജുവും സംഘവും തോറ്റു. ബാറ്റിങ് ഓര്‍ഡറിലെ മാറ്റങ്ങളും പ്രധാന താരങ്ങള്‍ ഫോം ഔട്ടായതുമാണ് ടീമിന് തിരിച്ചടി.
കൂടാതെ ടീം നടത്തിയ ചില പരീക്ഷണങ്ങളും തോല്‍വികള്‍ക്ക് കാരണമായി. രവിചന്ദ്രന്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ക്ക് ബാറ്റിങ്ങില്‍ ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള സഞ്‌ജുവിന്‍റെ തീരുമാനവും വിമര്‍ശിക്കപ്പെട്ടു. ഇംപാക്ട് പ്ലെയറെ കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കാതെ പോയതും ടീമിന് തിരിച്ചടിയായി മാറി.
ഇന്ന് കൊല്‍ക്കത്തയെ നേരിടാനിറങ്ങുമ്പോള്‍ തിരിച്ചടികളില്‍ നിന്നും കരകയറാനാകും സഞ്‌ജുവിന്‍റെയും സംഘത്തിന്‍റെയും ശ്രമം. ജോസ് ബട്‌ലര്‍, സഞ്‌ജു സാംസണ്‍ എന്നിവര്‍ വീണ്ടും റണ്‍സ് അടിച്ചുതുടങ്ങിയത് ടീമിന് ആശ്വാസം. അവസാന മത്സരം കളിക്കാതിരുന്ന ട്രെൻ്റ് ബോള്‍ട്ടിന്‍റെ മടങ്ങിവരവ് ഇന്ന് ടീമിന് പ്രതീക്ഷയാണ്.
ജയിച്ച് മുന്നേറാന്‍ കൊല്‍ക്കത്ത: തുടര്‍ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും അവര്‍ ജയിച്ചു. വരുണ്‍ ചക്രവര്‍ത്തി, നിതീഷ് റാണ, റിങ്കു സിങ് എന്നിവരുടെ കരുത്തിലാണ് ടീമിന്‍റെ മുന്നേറ്റം.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്തിയത് ടീമിന് ആശ്വാസം. സുനില്‍ നരെയ്‌ന്‍റെ നിറം മങ്ങിയ പ്രകടനം മാത്രമാണ് ടീമിന് തലവേദന. ഇന്ന് രാജസ്ഥാനെ വീഴ്‌ത്തിയാല്‍ കൊല്‍ക്കത്തയ്‌ക്ക് പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിലേക്ക് എത്താം.
പിച്ച് റിപ്പോര്‍ട്ട്:ബാറ്റര്‍മാരെ തുണയ്‌ക്കുന്ന പിച്ചാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലേത്. 205 ആണ് ഇവിടുത്തെ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍. ബാറ്റര്‍മാരെ തുണയ്‌ക്കുന്ന പിച്ചില്‍ ബൗളിങ്ങില്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാണ്.
Also Read :IPL 2023| ഏഴാം നമ്പറില്‍ ഞാന്‍ എത്തിയപ്പോഴും ഗാലറിയില്‍ മുഴങ്ങിയത് 'ധോണി ആരവം': ചെന്നൈ നായകന്‍റെ ആരാധക പിന്തുണയില്‍ രവീന്ദ്ര ജഡേജ