കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്‌സ് പോരാട്ടം. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി ഏഴര മുതലാണ് മത്സരം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരത്തില്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യം.
പോയിന്‍റ് പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ് പഞ്ചാബ് കിങ്‌സ്. 10 പോയിന്‍റാണ് നിലവില്‍ അവര്‍ക്ക്. പഞ്ചാബിന് പിന്നിലായി എട്ട് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത.
സീസണിന്‍റെ തുടക്കത്തില്‍ ഇരു ടീമും തമ്മിലേറ്റുമുട്ടിയപ്പോള്‍ പഞ്ചാബ് ഏഴ് റണ്‍സിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. മഴനിയമ പ്രകാരമായിരുന്നു അന്ന് ശിഖര്‍ ധവാനും സംഘവും ജയം പിടിച്ചത്.
അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി വഴങ്ങിയാണ് പഞ്ചാബ് കിങ്‌സിന്‍റെ വരവ്. മറുവശത്ത് ഒരു ജയത്തോടെയാണ് കൊല്‍ക്കത്ത ഇന്ന് ഇറങ്ങുന്നത്. തങ്ങളുടെ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയായിരുന്നു അവര്‍ വീഴ്‌ത്തിയത്.
Also Read :IPL 2023 | മത്സരത്തിന്‍റെ വിധിമാറ്റിയത് ആ 'നോ ബോള്‍'; തോറ്റതിനെ കുറിച്ച് സഞ്‌ജു സാംസണ്‍
പ്രതീക്ഷയോടെ കൊല്‍ക്കത്ത:ഇന്ന് പഞ്ചാബിന് മുന്നില്‍ വീണാല്‍ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കും. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശേഷിക്കുന്ന നാല് കളികളിലും അവര്‍ക്ക് ജയം അനിവാര്യമാണ്. സ്ഥിരത ഇല്ലായ്‌മയാണ് ടീമിന്‍റെ പ്രധാന പ്രശ്‌നം.
പല പരീക്ഷണങ്ങള്‍ നടത്തിയിട്ടും മികച്ച ഓപ്പണിങ് ജോഡിയെ കണ്ടെത്താന്‍ അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍ എന്നിവര്‍ മികവിലേക്ക് ഉയരാത്തതും ടീമിന് തിരിച്ചടിയായി. നായകന്‍ നിതീഷ് റാണ, വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ് എന്നിവരുടെ പ്രകടനമാകും ഇന്ന് ടീമിന് നിര്‍ണായകമാകുക.
ജയിച്ച് മുന്നേറാന്‍ പഞ്ചാബ്:തുടര്‍ച്ചയായി നാല് കളികളില്‍ 200ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്‌ത ബാറ്റിങ് നിരയാണ് പഞ്ചാബിന്‍റെ കരുത്ത്. ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ എന്നിവര്‍ ബാറ്റിങ്ങില്‍ ഫോമിലേക്ക് ഉയര്‍ന്നത് ടീമിന് ആശ്വാസമാണ്. സാം കറനും, ഷാരൂഖ് ഖാനും താളം കണ്ടെത്തിയാല്‍ കൊല്‍ക്കത്തയിലും പഞ്ചാബിന് വമ്പന്‍ സ്‌കോര്‍ അടിച്ചുകൂട്ടാം.
അതേസമയം, എതിരാളികളുടെ തല്ലുകൊള്ളാന്‍ മടിയില്ലാത്ത ബോളര്‍മാരാണ് പഞ്ചാബിന്‍റെയും. ഇവരുടെ പ്രകടനമാണ് ടീമിന്‍റെ ദൗര്‍ബല്യം. അര്‍ഷ്‌ദീപ് സിങ്, സാം കറന്‍ എന്നിവരുള്‍പ്പെട്ട ബൗളിങ് നിര മികവിലേക്ക് ഉയര്‍ന്നാല്‍ മാത്രമേ ഈഡനില്‍ നിന്നും ചിരിയോടെ മടങ്ങാന്‍ പഞ്ചാബിന് സാധിക്കൂ. കൂടാതെ ഇന്ന് ജയം പിടിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്താനും പഞ്ചാബിന് സാധിക്കും.
പിച്ച് റിപ്പോര്‍ട്ട്:ബാറ്റര്‍മാര്‍ക്ക് അനായാസം റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്ന പിച്ചാണ് ഈഡന്‍ ഗാര്‍ഡന്‍സിലേത്. ഇവിടെ ഈ സീസണില്‍ നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും ആദ്യം ബാറ്റ് ചെയ്‌ത ടീം 200ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്‌തിരുന്നു. ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഇതുവരെ നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്‌ത ടീമാണ്.
Also Read : IPL 2023 | ജയ്‌പൂരിലെ 'ആന്‍റിക്ലൈമാക്‌സ്', ആദ്യം ജയിച്ച രാജസ്ഥാന്‍ പിന്നെ തോറ്റു; സന്ദീപിന്‍റെ നോ ബോള്‍, സമദിന്‍റെ ഫിനിഷിങ് - വീഡിയോ