കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ് സിനും ഇന്ന് ജീവന്‍മരണപ്പോരാട്ടം. രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. ജയിച്ചാല്‍ ലഖ്‌നൗവിന് ഇന്ന് തന്നെ പ്ലേഓഫ് ഉറപ്പിക്കാം.
സാധ്യതകള്‍ വിദൂരമാണെങ്കിലും സൂപ്പര്‍ ജയന്‍റ്‌സിനെ വീഴ്‌ത്തി പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനായിരിക്കും ആതിഥേയരുടെ ശ്രമം. ഇരു ടീമിന്‍റെയും അവസാന ലീഗ് മത്സരമാണ് ഇന്നത്തേത്. 15 പോയിന്‍റോടെ മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പ്ലേഓഫിന് തൊട്ടരികിലാണ്.
12 പോയിന്‍റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനക്കാരാണ് നിലവില്‍. ലഖ്‌നൗവിനെതിരെ വമ്പന്‍ ജയം നേടിയാലെ കൊല്‍ക്കത്തയ്‌ക്ക് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ. ലഖ്‌നൗവിന് ഇന്ന് തോല്‍വിയാണ് ഫലമെങ്കില്‍ നാളത്തെ മത്സരങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും അവര്‍ക്ക് മുന്നേറാനുള്ള വഴിയൊരുങ്ങുക.
പ്ലേഓഫ് ലക്ഷ്യമിട്ട് ലഖ്‌നൗ:ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയെ വീഴ്‌ത്തിയാല്‍ ലഖ്‌നൗവിന് പ്ലേഓഫ് ഉറപ്പിക്കാം. വമ്പന്‍ ജയമാണ് സ്വന്തമാക്കുന്നതെങ്കില്‍ പോയിന്‍റ് പട്ടികയില്‍ അവര്‍ക്ക് രണ്ടാം സ്ഥാനത്തേക്ക് എത്താനും സാധിക്കും. അവസാന രണ്ട് മത്സരവും ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്നിറങ്ങുന്നത്.
തുടര്‍ തോല്‍വികളില്‍ നിന്നും കരകയറിയത് ടീമിന് ആശ്വാസമാണ്. മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ ഫോം ടീമിന് പ്രതീക്ഷയാണ്. സ്റ്റോയിനിസിന്‍റെ പ്രകടന മികവിലായിരുന്നു അവസാനത്തെ രണ്ട് കളിയിലും അവര്‍ ജയം പിടിച്ചത്.
നിക്കോളസ് പുരാന്‍, ക്വിന്‍റണ്‍ ഡി കോക്ക് എന്നിവരുടെ പ്രകടനവും ഇന്ന് ടീമിന് നിര്‍ണായകമാണ്. ക്യാപ്‌റ്റന്‍ കൃണാല്‍ പാണ്ഡ്യ ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും തിളങ്ങിയാല്‍ ലഖ്‌നൗവിന് കാര്യങ്ങള്‍ എളുപ്പമാകും. സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന ഈഡനിലെ പിച്ചില്‍ രവി ബിഷ്‌ണോയുടെ പ്രകടനവും സന്ദര്‍ശകര്‍ക്ക് നിര്‍ണായകമാകും.