അഹമ്മദാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് ഉറപ്പിക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങും. ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദാണ് ഹാര്‍ദിക്കിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. ടൈറ്റന്‍സിനോട് തോറ്റാല്‍ പ്ലേഓഫിലേക്കുള്ള വിദൂര സാധ്യത പോലും അസ്‌തമിക്കുമെന്നതിനാല്‍ ജീവന്‍മരണപ്പോരിനാണ് ഹൈദരാബാദ് ഇന്ന് ഇറങ്ങുന്നത്.
11 കളിയില്‍ നിന്നും 8 പോയിന്‍റുള്ള ഹൈദരാബാദ് നിലവില്‍ ലീഗ് ടേബിളിലെ 9-ാം സ്ഥാനക്കാരാണ്. 16 പോയിന്‍റുള്ള ഗുജറാത്ത് ഒന്നാം സ്ഥാനത്തും. ഇന്നതേത് ഉള്‍പ്പടെ ഗുജറാത്തിന് രണ്ട് മത്സരങ്ങളും ഹൈദരാബാദിന് മൂന്ന് മത്സരങ്ങളുമാണ് ഇനി ശേഷിക്കുന്നത്.
അവസാന മത്സരത്തില്‍ പരാജയപ്പെട്ട ഇരു ടീമും ഇന്ന് ജയിച്ച് വിജയവഴിയില്‍ തിരികെയെത്താനുള്ള ശ്രമത്തിലാണ്. മുംബൈ ഇന്ത്യന്‍സ് ആയിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെ കഴിഞ്ഞ കളിയില്‍ വീഴ്‌ത്തിയത്. ലഖ്‌നൗവിനോട് തോറ്റാണ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഹമ്മദാബാദില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്.
പ്ലേഓഫില്‍ കടക്കാന്‍ ഗുജറാത്ത്:മുന്‍നിര ബാറ്റര്‍മാര്‍ അതിവേഗം മടങ്ങിയതാണ് അവസാന മത്സരത്തില്‍ മുംബൈക്കെതിരെ ടൈറ്റന്‍സിന് തിരിച്ചടിയായത്. ശുഭ്‌മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍ എന്നിവര്‍ പതിവ് ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ ആതിഥേയര്‍ക്ക് പേടിക്കാനൊന്നുമില്ല. ഡേവിഡ് മില്ലര്‍ ഇന്നും റണ്‍സടിക്കുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ.
മുംബൈക്കെതിരെ മധ്യനിരയില്‍ പിടിച്ചുനിന്നത് മില്ലര്‍ മാത്രമായിരുന്നു. വാങ്കഡെയില്‍ ബാറ്റിങ് വെടിക്കെട്ട് നടത്തിയ റാഷിദ് ഖാന്‍റെ ബാറ്റില്‍ നിന്ന് ഇന്നും റണ്‍സൊഴുകിയാല്‍ ഗുജറാത്തിന് വമ്പന്‍ സ്‌കോര്‍ സ്വപ്‌നം കാണാം. ബൗളര്‍മാര്‍ മികവ് തുടരുന്നതും ടീമിന് ആശ്വാസമാണ്.