ഡല്‍ഹി: ഐപിഎല്‍ പതിനാറാം പതിപ്പില്‍ ജയം തുടരാന്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടും. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് ജയം അനിവാര്യമാണ്.
9 കളിയില്‍ 5 ജയം സ്വന്തമാക്കിയ ആര്‍സിബി നിലവില്‍ പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരാണ്. 6 പോയിന്‍റുള്ള ഡല്‍ഹി അവസാന സ്ഥാനത്തും. ഇന്ന് ബാംഗ്ലൂരിനെ വീഴ്‌ത്താനായാല്‍ ഡേവിഡ് വാര്‍ണറിനും സംഘത്തിനും അവസാന സ്ഥാനത്ത് നിന്നും ഒരുപടി മുന്നിലേക്ക് കയറാം.
സീസണില്‍ ഇത് രണ്ടാം തവണയാണ് രണ്ട് ടീമും ഏറ്റുമുട്ടുന്നത്. ചിന്നസ്വാമിയില്‍ ഇരു ടീമും പോരടിച്ചപ്പോള്‍ ആതിഥേയരായ ആര്‍സിബിക്കൊപ്പമായിരുന്നു ജയം. അന്ന് 23 റണ്‍സിന്‍റെ ജയമായിരുന്നു ബാംഗ്ലൂര്‍ ഡല്‍ഹിക്കെതിരെ സ്വന്തമാക്കിയത്.
പ്രതീക്ഷ ബോളര്‍മാരില്‍: അവസാന മത്സരത്തില്‍ ടേബിള്‍ ടോപ്പര്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂരിനെ നേരിടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്. ബോളര്‍മാരുടെ കരുത്തിലായിരുന്നു അഹമ്മദാബാദില്‍ ഡല്‍ഹി ജയം സ്വന്തമാക്കിയത്. ഇന്ന് ആര്‍സിബിക്കെതിരെ ഇറങ്ങുമ്പോഴും ബോളര്‍മാരിലാണ് ടീമിന്‍റെ പ്രതീക്ഷ.
വെറ്ററന്‍ താരം ഇഷാന്ത് ശര്‍മ്മ നേതൃത്വം നല്‍കുന്ന പേസ് നിര കരുത്തുറ്റ ആര്‍സിബി ബാറ്റിങ്ങ് യൂണിറ്റിനെ എറിഞ്ഞൊതുക്കാന്‍ കെല്‍പ്പുള്ളവര്‍. ഖലീല്‍ അഹമ്മദ് കൃത്യതയോടെ പന്തെറിയുന്നതും ടീമിന് ആശ്വാസം. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാകും സ്‌പിന്‍കെണിയൊരുക്കുക.
ബോളര്‍മാര്‍ മികവ് തുടരുന്നുണ്ടെങ്കിലും ബാറ്റര്‍മാര്‍ താളം കണ്ടെത്താത്തതാണ് ഡല്‍ഹിയുടെ തലവേദന. സീസണിന്‍റെ തുടക്കത്തില്‍ നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെക്കാന്‍ നായകന്‍ ഡേവിഡ് വാര്‍ണറും ബുദ്ധിമുട്ടുന്നു. പരിചയസമ്പന്നരായ താരങ്ങള്‍ മികവിലേക്ക് ഉയര്‍ന്നാല്‍ മാത്രമെ ആര്‍സിബിക്കെതിരെ ശക്തമായ സ്‌കോര്‍ നേടാന്‍ ഡല്‍ഹിക്ക് സാധിക്കൂ.
കരുത്ത് കൂട്ടാന്‍ കേദാര്‍ ജാദവ് :ഇതുവരെയും താളം കണ്ടെത്താത്ത മധ്യനിരയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തലവേദന. വിരാട് കോലി നായകന്‍ ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ ടീമിന് മികച്ച തുടക്കം നല്‍കുന്നുണ്ട്. പിന്നീടെത്തുന്നവര്‍ക്ക് അതേ രീതിയില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാത്തത് പലപ്പോഴും ടീമിന് തിരിച്ചടിയാണ്.
ഗ്ലെന്‍ മാക്‌സ്‌വെല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താതും ടീമിന് ആശങ്കയാണ്. ഡേവിഡ് വില്ലിക്ക് പകരം ടീമിലേക്ക് എത്തിച്ച കേദാര്‍ ജാദവ് മധ്യ നിരയില്‍ ടീമിന്‍റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ താരം ഐപിഎല്‍ പതിനാറാം പതിപ്പില്‍ അരങ്ങേറ്റം നടത്താനാണ് സാധ്യത.
ജോഷ് ഹേസല്‍വുഡിന്‍റെ വരവ് ടീമിന്‍റെ ബൗളിങ് യൂണിറ്റിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. ഇതിന്‍റെ മിന്നലാട്ടങ്ങള്‍ ലഖ്‌നൗവിനെതിരായ അവസാന മത്സരത്തില്‍ വ്യക്തമായിരുന്നു. സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ ഫോമും ടീമിന് ആശ്വാസം.
പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാര്‍ക്കൊപ്പം തന്നെ ബൗളര്‍മാര്‍ക്കും സഹായം ലഭിക്കുന്ന പിച്ചാണ് അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിലേത്. അവസാന അഞ്ച് മത്സരങ്ങളില്‍ ഇവിടുത്തെ ശരാശരി ആദ്യ ഇന്നിങ്‌സിലെ സ്‌കോര്‍ 162 ആണ്.
Also Read :IPL 2023| വാങ്കഡെയിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കണം, വീണ്ടും ജയിക്കാൻ ചെന്നൈ; ചെപ്പോക്കില്‍ ഇന്ന് തീപാറും