ഡല്‍ഹി:ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് മോഹം നിലനിര്‍ത്താന്‍ പഞ്ചാബ് കിങ്‌സ് ഇന്ന് ഇറങ്ങും. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ശിഖര്‍ ധവാന്‍റെയും സംഘത്തിന്‍റെയും എതിരളികള്‍. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ ഇടം പിടിക്കാന്‍ പഞ്ചാബ് കിങ്‌സിന് ഇന്ന് ജയം അനിവാര്യമാണ്. 11 മത്സരങ്ങളില്‍ അഞ്ച് ജയം നേടിയ പഞ്ചാബ് 10 പോയിന്‍റോടെ എട്ടാം സ്ഥാനത്താണ് നിലവില്‍. അതേസമയം, ഡല്‍ഹിയുടെ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. 11 കളികളില്‍ നിന്നും നാല് ജയം മാത്രം നേടിയ ഡല്‍ഹിക്ക് നിലവില്‍ എട്ട് പോയിന്‍റാണ് ഉള്ളത്.
വഴിതെളിക്കാന്‍ പഞ്ചാബ്:തുടര്‍ തോല്‍വികളുമായാണ് പഞ്ചാബ് ഇന്ന് ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരോടായിരുന്നു പഞ്ചാബ് കഴിഞ്ഞ മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ശേഷമായിരുന്നു രണ്ട് മത്സരങ്ങളിലും അവര്‍ തോല്‍വി വഴങ്ങിയത്.
നായകന്‍ ശിഖര്‍ ധവാന്‍റെ ബാറ്റിങ്ങിനെയാണ് പഞ്ചാബ് അമിതമായി ആശ്രയിക്കുന്നത്. മറ്റ് താരങ്ങള്‍ ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്താത്തത് ടീമിന് തിരിച്ചടിയാണ്. അവസാന ഓവറുകളില്‍ ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍ എന്നിവര്‍ റണ്‍സ് അടിച്ചുകൂട്ടുമന്നത് നിലവില്‍ ടീമിന് ആശ്വാസം.
വന്‍ തുക മുടക്കി ടീമിലെത്തിച്ച സാം കറന്‍ മികവിലേക്ക് ഉയരാത്തത് ടീമിന്‍റെ മുന്നേറ്റത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിലൊന്നും ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങാന്‍ താരത്തിനായിരുന്നില്ല. ബൗളിങ്ങില്‍ അര്‍ഷ്‌ദീപ് സിങ്ങിലാണ് ടീമിന്‍റെ പ്രതീക്ഷ.