ഡല്‍ഹി:ഐപിഎല്‍ പതിനാറാം പതിപ്പിലെ അതിനിര്‍ണായക പോരാട്ടത്തിന് ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് ഇറങ്ങും. ടൂര്‍ണമെന്‍റില്‍ നിന്നും നേരത്തെ തന്നെ പുറത്തായ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ധോണിക്കും സംഘത്തിനും ഇന്ന് എതിരാളികള്‍. ഡല്‍ഹിയുടെ മൈതനമായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം.
13 കളിയില്‍ നിന്നും 15 പോയിന്‍റോടെ നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ്. മറ്റ് മത്സരങ്ങളുടെ ഫലങ്ങള്‍ക്ക് കാത്തിരിക്കാതെ പ്ലേഓഫില്‍ കടക്കാന്‍ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്. മറുവശത്ത് പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ച ഡല്‍ഹി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയത്തോടെ കളിയവസാനിപ്പിക്കാനാണ് ഇറങ്ങുന്നത്.
കഴിഞ്ഞ ആഴ്‌ചയില്‍ ചെപ്പോക്കില്‍ ഇരു ടീമും തമ്മിലേറ്റുമുട്ടിയിരുന്നു. അന്ന് ആതിഥേയരായ ചെന്നൈക്കൊപ്പമായിരുന്നു ജയം. ഈ മത്സരത്തില്‍ 27 റണ്‍സിനായിരുന്നു ധോണിപ്പട ജയം പിടിച്ചത്.
Also Read :IPL 2023| പാളിപ്പോയ പ്രഭ്‌സിമ്രാന്‍റെ ഷോട്ട്, പറന്ന് പിടിച്ച് ട്രെന്‍റ് ബോള്‍ട്ട് : വീഡിയോ
തോറ്റാല്‍ ഇനിയും കാത്തിരിക്കണം:കൊല്‍ക്കത്തയോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് ധോണിയുടെയും സംഘത്തിന്‍റെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത്. ഇന്ന് ജയിക്കാനായാല്‍ രണ്ടാം സ്ഥാനക്കാരായി തന്നെ ചെന്നൈക്ക് പ്ലേഓഫില്‍ കടക്കാം. തോല്‍വിയാണെങ്കില്‍ സീസണില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളുടെയും ഫലത്തിനായി കാത്തിരിക്കണം.
തോല്‍വി തിരിച്ചടിയാകുമെന്നതിനാല്‍ ഇന്ന് ഡല്‍ഹിയെ വീഴ്‌ത്താനുറച്ചായിരിക്കും ധോണിയും സംഘവും ഇറങ്ങുന്നത്. ഡെവോണ്‍ കോണ്‍വെ, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവര്‍ മികച്ച തുടക്കം നല്‍കിയില്ലെങ്കില്‍ ക്യാപിറ്റല്‍സിനെതിരായ ജീവന്‍മരണപ്പോരാട്ടത്തില്‍ ചെന്നൈക്ക് കാലിടറും. മധ്യനിരയില്‍ ശിവം ദുബെ റണ്‍സടിക്കുന്നത് ടീമിന് ആശ്വാസമാണ്.
രവീന്ദ്ര ജഡേജ, മഹേന്ദ്ര സിങ് ധോണി എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ സൂപ്പര്‍ കിങ്‌സിന് പണി കിട്ടും. ബൗളിങ്ങില്‍ സ്പിന്നര്‍മാരിലാണ് ടീമിന്‍റെ പ്രതീക്ഷ. ദീപക് ചഹാര്‍ വിക്കറ്റെടുക്കുന്നത് നിലവില്‍ ആശ്വാസമാണ്.
വഴിമുടക്കി മടങ്ങാന്‍ ഡല്‍ഹി:പോയിന്‍റ് പട്ടികയിലെ 9-ാം സ്ഥാനക്കാരാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 10 പോയിന്‍റ് മാത്രമുള്ള അവര്‍ നേരത്തെ തന്നെ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായിരുന്നു. പ്രധാന താരങ്ങള്‍ താളം കണ്ടെത്താന്‍ വൈകിയതാണ് ഇക്കുറി ഡേവിഡ് വാര്‍ണറിനും സംഘത്തിനും തിരിച്ചടിയായത്.
ഡേവിഡ് വാര്‍ണര്‍, അക്‌സര്‍ പട്ടേല്‍, ഫില്‍ സാള്‍ട്ട് എന്നിവരിലാണ് ഇന്നും ടീമിന്‍റെ പ്രതീക്ഷ. ഓപ്പണര്‍ പ്രിഥ്വി ഷായും റിലീ റൂസോയും ഫോമിലേക്ക് എത്തിയത് ഡല്‍ഹിക്ക് ആശ്വാസമാണ്. പഞ്ചാബിനെതിരായ മത്സരത്തില്‍ ഇവര്‍ പുറത്തെടുത്ത പ്രകടനം ഇന്നും ആവര്‍ത്തിക്കപ്പെട്ടാല്‍ ചെന്നൈക്ക് അല്‍പം വെള്ളം കുടിക്കേണ്ടി വരും. ഫീല്‍ഡിലും മികച്ച പ്രകടനം കാഴ്‌ചവെച്ചാല്‍ മാത്രമെ സീസണിലെ അവസാന മത്സരത്തില്‍ ജയത്തോടെ മടങ്ങാന്‍ ഡല്‍ഹിക്കാകൂ.
മഴവില്‍ നിറമണിയാന്‍ ഡല്‍ഹി: ഐപിഎല്‍ പതിനാറാം പതിപ്പിലെ അവസാന മത്സരത്തിന് പ്രത്യേക ജഴ്‌സിയണിഞ്ഞാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാന്‍ ഇറങ്ങുന്നത്. ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കുന്നതിന് വേണ്ടിയാണ് ഡല്‍ഹി സ്പെഷ്യല്‍ ജഴ്‌സി ഉപയോഗിക്കുന്നത്. 2020ലായിരുന്നു മഴവില്‍ നിറത്തിലുള്ള ജഴ്‌സി ഉപയോഗിച്ച് ടീം ആദ്യമായി കളത്തിലിറങ്ങിയത്.
Also Read :IPL 2023 | ജോസേട്ടന് ഇത് 'കഷ്‌ടകാലം', പഞ്ചാബിനെതിരെയും ഡക്ക്; നാണക്കേടിന്‍റെ റെക്കോഡ് ഇനി ജോസ് ബട്‌ലറുടെ പേരില്‍